ചിട്ടി വിളിച്ചിട്ടും പണം തിരിച്ചടക്കുന്നില്ല; കടക്ക് മുന്നില്‍ പ്ലക്കാര്‍ഡുമായി സമരം


കാഞ്ഞങ്ങാട്: ചിട്ടി വിളിച്ചെടുത്തശേഷം മാസത്തവണയായി പണം തിരിച്ചടക്കാത്ത ചിറ്റാളന്റെ കടക്ക് മുന്നില്‍ കുറി നടത്തിപ്പുകാരന്റെ കുത്തിയിരിപ്പ് സമരം കാഴ്ചക്കാര്‍ക്ക് കൗതുകമായി.
കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റിലെ ഓര്‍ക്കിഡ് ഫിഷ് സ്റ്റാളിന് മുന്നിലാണ് ചിട്ടിനടത്തിപ്പുകാരന്‍ മീനാപ്പീസ് സ്വദേശി ഗണേശന്‍ പ്ലക്കാര്‍ഡുമായി കുത്തിയിരിപ്പ് സമരം നടത്തിയത്. തൈക്കടപ്പുറം അഴിത്തലയിലെ പുഷ്‌കരന്റേതാണ് ഓര്‍ക്കിഡ് ഫിഷ് സ്റ്റാള്‍. ഗണേശനും സുഹൃത്തുക്കളും നടത്തുന്ന ചിട്ടിയില്‍ പുഷ്‌ക്കരനും അംഗമായിരുന്നു. നാല് ലക്ഷം രൂപയുടേതായിരുന്നു ചിട്ടി. മാസം 20,000 രൂപയാണ് അടക്കേണ്ടത്. ഇതിനകം തന്നെ ഒന്നരലക്ഷത്തോളം രൂപ പുഷ്‌ക്കരന്‍ കുറിവിളിച്ചയിനത്തില്‍ തിരിച്ചടക്കാനുണ്ട്. പണം ആഴ്ചതവണയില്‍ തിരിച്ചടക്കാമെന്ന് പുഷ്‌ക്കരന്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും നല്‍കാന്‍ തയ്യാറായില്ലെന്നാണ് ഗണേശന്‍ പറയുന്നത്. ഇനി മൂന്ന് കുറിമാത്രമേ അവശേഷിക്കുന്നുള്ളൂ. ചിട്ടിവിളിച്ച പലരും പണം തിരിച്ചടക്കാത്തതിനാല്‍ ചിട്ടി പ്രതിസന്ധിയിലാണെന്ന് ഗണേശന്‍ പറയുന്നു. കുറിവിളിച്ച പലര്‍ക്കും പണം കെട്ടിക്കൊടുക്കാനും ബാക്കിയുണ്ട്.
ഈ സാഹചര്യത്തില്‍ മറ്റ് യാതൊരുമാര്‍ഗ്ഗവും ഇല്ലാത്തതിനെതുടര്‍ന്നാണ് സമരം നടത്താന്‍ നിര്‍ബന്ധിതമായതെന്നാണ് ഗണേശന്‍ പറയുന്നത്. ഗണേശന്റെ ഒറ്റയാള്‍സമരം കാണാന്‍ നിരവധിയാളുകള്‍ മത്സ്യമാര്‍ക്കറ്റില്‍ തടിച്ചുകൂടുകയുണ്ടായി.

Post a Comment

0 Comments