പൂര്‍ണ്ണമായും പൊതുരംഗം വിട്ട് പി.രാഘവന്‍ വിശ്രമത്തില്‍


കാഞ്ഞങ്ങാട്: ജില്ലയിലെ പ്രമുഖ സിപിഎം നേതാ വും ട്രേഡ് യൂണിയന്‍ നേ താവും സഹകാരിയും മുന്‍ എം.എല്‍.എയുമായ അഡ്വ.പി.രാഘവന്‍ പൊതുരംഗം വിട്ട് പൂര്‍ണ്ണവിശ്രമത്തില്‍. ഒരുകൊല്ലമായി രാഘവന്‍ വിവിധ ആശുപത്രികളില്‍ മാറിമാറി ചികിത്സയിലാണ്. കഴിഞ്ഞദിവസം രാഘവനെ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാസര്‍കോട് ജില്ലയില്‍ സി.പി.എമ്മും സി.ഐ. ടി.യുവും കെട്ടിപ്പടുക്കുന്നതില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച നേതാവാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയറ്റംഗമായ പി.രാഘവന്‍. സഹകരണ രംഗത്ത് സംസ്ഥാനത്തു തന്നെ മുന്‍നിര സംഘാടകനാണ്.
മുന്നാട് എ.യു.പി സ്‌കൂള്‍, ഇരിയണ്ണി ഹൈസ്‌കൂള്‍, കാസര്‍കോട് ഗവണ്‍മെന്റ് കോളേജ്, ഉഡുപ്പി ലോ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യസം. സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും ബിരുദധാരിയാണ്. മുന്നാട് എ യു പി സ്‌കൂളില്‍ വിദ്യാര്‍ഥിയായിരിക്കെ വിദ്യാര്‍ഥി രാഷട്രീയത്തില്‍ സജീവമായി. കെ.എസ്.എഫ് യൂണിറ്റ് സെക്രട്ടറിയായിരുന്നു.
വിദ്യാര്‍ഥി രംഗം വിട്ടപ്പോള്‍ കെ.എസ്.വൈ.എഫില്‍ സജീവമായി. കാസര്‍കോട് താലൂക്ക് സെക്രട്ടറിയായിരുന്നു. തൊഴില്‍ അല്ലെങ്കില്‍ തൊഴിലില്ലായ്മാ വേതനം എന്ന മുദ്രാവാക്യമുയര്‍ത്തി കെ.എസ്.വൈ.എഫ് സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ വളണ്ടിയറിയിരുന്നു. അന്ന് അറസ്റ്റിലായി ഒരു മാസത്തോളം ഡല്‍ഹിയിലെ തീഹാര്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിച്ചു. 1969 ഡിസംബറില്‍ തലപ്പള്ളം കേസില്‍ അറസ്റ്റിലായി പോലീസിന്റെ മൃഗീയമായ മര്‍ദ്ദനത്തിന് വിധേയനായി. രണ്ടാഴ്ചയോളം കാസര്‍കോട് സബ് ജയിലില്‍ തടവുകാരനായി. പാര്‍ട്ടി ബന്തടുക്ക തലപ്പള്ളത്ത് സംഘടിപ്പിച്ച വളണ്ടിയര്‍ ക്യാമ്പ് നക്‌സലൈറ്റ് ക്യാമ്പെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രദേശത്തെ ജന്മിയുടെ പരാതിയിലായിരുന്നു അറസ്റ്റും ഭീകരമര്‍ദ്ദനവും. വര്‍ഷങ്ങളുടെ വിചാരണക്ക് ശേഷം കേസ് കോടതി തള്ളി. കാസര്‍കോട് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെ മെഹ്ബൂബ് ബസ് തൊഴിലാളികളുടെ പണിമുടക്ക് സമരത്തിന് നേതൃത്വം നല്‍കി. ബസ് കണ്ടക്ടറായിരുന്ന വരദരാജനെ പൈയെ മാനേജ്‌മെന്റിന്റെ ഒത്താശയില്‍ ബസ് കയറ്റി കൊന്നു. വരദരാജനെ പൈയുമായി അടുത്ത ആത്മബന്ധം രാഘവനുണ്ടായിരുന്നു. രാഘവന്‍ ജനറല്‍ സെക്രട്ടറിയായിരിക്കെ നിര്‍മ്മിച്ച സി ഐ ടി യു ജില്ലാ കമ്മറ്റി ഓഫീസ് വരദരാജ പൈസ്മരകമാക്കി. രാഘവന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജില്ലാ മോട്ടോര്‍ തൊഴിലാളി സഹകരണ സംഘത്തിന്റെ
ബസുകള്‍ക്ക് വരദരാജ പൈ എന്ന പേര് നല്‍കി. കാലം സാക്ഷി എന്ന പേരില്‍ ഒരു ഡോക്യുമെന്ററിയും രാഘവന്‍ മുന്‍കൈ എടുത്ത് നിര്‍മ്മിച്ചു. 1984 ല്‍ കാസര്‍കോട് ജില്ല നിലവില്‍ വന്നപ്പോള്‍ സി ഐ ടി യു ജില്ലാ പ്രസിഡണ്ടായി. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട്. സെക്രട്ടറി, ദേശീയ പ്രവര്‍ത്തക സമിതി അംഗം എന്നിനിലകളില്‍ പ്രവര്‍ത്തിച്ചു.
സി പി എം കാസര്‍കോട് ഏരിയാ സെക്രട്ടറിയായിരിക്കെയാണ് 1984 ല്‍ പാര്‍ട്ടി ജില്ലാ കമ്മറ്റി നിലവില്‍ വരുന്നത്. ജില്ലാ കമ്മറ്റിയിലേക്ക് തുടര്‍ന്ന് ജില്ലാ സെകട്ടറിയറ്റിലേക്കും രാഘവന്‍ ഒരേ സമയം തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോഴും ആ സ്ഥാനത്ത് തുടരുന്നു.
സഹകരണ രംഗമാണ് രാഘവന്റെ പ്രധാന കയ്യൊപ്പ് പതിഞ്ഞ കര്‍മ്മ മണ്ഡലം. സംസ്ഥാന തലത്തില്‍ തന്നെ മികച്ച സഹകാരിയായ രാഘവന്‍ മുന്‍കൈ എടുത്ത് രൂപം നല്‍കിയ സഹകരണ സംഘങ്ങള്‍ നിരവധിയാണ്. ബേഡകം ഫാര്‍മേഴ്‌സ് ബാങ്കില്‍ തുടക്കം കുറിച്ച് സഹകാരി പ്രവര്‍ത്തനം 1980 ല്‍ കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ രൂപീകരണത്തിന് വഴിയൊരുക്കി.
കാസര്‍കോട് ബീഡി വര്‍ക്കേഴ്‌സ് സഹകരണ സംഘം മുന്‍ പ്രസിഡണ്ടാണ്. രാഘവന്‍ പ്രസിഡണ്ടായിരിക്കെയാണ് ചെങ്കളയില്‍ നായനാര്‍ ആശുപത്രിക്ക് തുടക്കം.
കാസര്‍കോട് എന്‍ ജി കെ പ്രിന്റിങ്ങ് സൊസൈറ്റി, മോട്ടോര്‍ തൊഴിലാളി സഹകരണ സംഘം (വരദരാജ പൈ ബസ്) കാസര്‍കോട് പീപ്പിള്‍സ് വെല്‍ഫയര്‍ സഹകരണ സൊസൈറ്റി, ബേഡകം ക്ലെവര്‍ക്കേഴ്‌സ് സഹകരണ സംഘം, കാസര്‍കോട് ആയുര്‍വേദ സഹകരണ സംഘം, പഴം പച്ചക്കറി സഹകരണ സംഘം, കാസര്‍കോട് ദിനേശ് ബീഡി സഹകരണ സംഘം എന്നിവയുടെ സ്ഥാപക പ്രസിഡണ്ടാണ്. പ്രവര്‍ത്തനം നിലച്ചുപോയ ഘട്ടത്തില്‍ കാസര്‍കോട് വിദ്യാഭ്യാസ സഹകരണ സംഘം പുനര്‍ജീവിപ്പിച്ചു. ഇപ്പോള്‍ സംഘത്തിന്റെയും കാസര്‍കോട് പീപ്പിള്‍സ് വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെയും പ്രസിഡണ്ടാണ്. വിദ്യാഭ്യാസ സഹകരണ സംഘത്തിന്റെ കീഴില്‍ ആരംഭിച്ചതാണ് മുന്നാട് പീപ്പിള്‍സ് സഹകരണ കോളേജ്. അനുബന്ധമായി ഇവിടെ പീപ്പിള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (എം.ബി.എ) പ്രവര്‍ത്തിക്കുന്നു. പിപ്പിള്‍സ് കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ മികച്ച കോളേജായി വളര്‍ത്തിയത് പി.രാഘവന്റെ സംഘാടക മികവിന് മറ്റൊരു സാഷ്യമാണ്. ഇവിടെ 12 ലേറെ വകുപ്പുകളിലായി 1500 ലേറെ വിദ്യാര്‍ഥികള്‍ ഡിഗ്രി, പി.ജി കോഴ്‌സുകള്‍ക്ക് പഠിക്കുന്നു. 25 ഏക്കറോളം സ്ഥലം സ്വന്തമായുണ്ട്. ജനപങ്കാളിത്തത്തോടെയാണ് പീപ്പിള്‍സ് കോളേജ് യാഥാര്‍ഥ്യമാക്കിയത്. ഈ സ്ഥാപനം വളര്‍ത്തിയെടുക്കാന്‍ ഏറെ പ്രതിബന്ധങ്ങളെ രാഘവന്‍ നേരിട്ടു. ചെങ്കള വിവേകാനന്ദ കോളേജ്, ബദിയഡുക്ക സഹകരണ കോളേജ് എന്നിവയും രാഘവന്‍ പ്രസിഡണ്ടായ എജ്യുക്കേഷന്‍ സൊസൈറ്റിയുടേതാണ്. മുന്നാട്ടെ സഹകരണ പരിശീലന കേന്ദ്രം (ജെഡിസി കോഴ്‌സ്) സ്ഥാപിച്ചത് പി.രാഘവന്‍ സംസ്ഥാന സഹകരണ യൂണിയന്‍ എക്‌സിക്യുട്ടീവ് അംഗമായിരിക്കെയാണ്. കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍, സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട്, സംസ്ഥാന സഹകരണ ആശുപത്രി ഫെഡറേഷന്‍ നിര്‍വാഹക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കൊളത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, കാസര്‍കോട് ബ്ലോക്ക് വനിതാ സൊസൈറ്റി, ബേഡകം പട്ടികജാതി പട്ടിക വര്‍ഗ സഹകരണ സംഘം എന്നിവയുടെ രൂപീകരണത്തിനും നേതൃത്വം വഹിച്ചു. സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചുവരുന്ന മുന്നാട്ടെ ഇ. എം.എസ് സ്മാരക ട്രസ്റ്റിന്റെ ചെയര്‍മാനാണ്.
ദിനേശ് ബീഡി കേന്ദ്ര സഹകരണ സംഘം ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം പാര്‍ട്ടിയുടെ കന്നഡ പത്രമായിരുന്ന കാസര്‍കോട് സമാചാരയുടെ ചുമതലക്കാരനായിരുന്നു.
എം.രാമണ്ണറൈ എഡിറ്ററും മാനേജ്‌മെന്റ് ചുമതലകള്‍ പി.രാഘവനുമായിരുന്നു. ചൈന, യു എ ഇ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഗ്രീന്‍ ലീഫ് എന്ന പേരില്‍ സഹകരണ ഹോട്ടലും രാഘവന്റെ നേതൃത്യത്തില്‍ ആരംഭിക്കുകയുണ്ടായി. കാരുണ്യ പ്രവര്‍ത്തനങ്ങളിലും രാഘവന്‍ സജീവമായിരുന്നു.നായനാര്‍ ആശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന കനിവ് പാലിയേറ്റീവ് സൊസൈറ്റി സ്ഥാപിച്ചത് പി.രാഘവനാണ്.
സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു രാഘവന്‍. മുന്നാട്ടെ കേരള കലാക്ഷേത്രം ആരംഭിച്ചത് പി.രാഘവനാണ്. വിവിധ കലകളില്‍ ഈ സ്ഥാപനം പരിശീലനം നല്‍കുന്നു. പീപ്പിള്‍സ് കോളേജ് കേന്ദ്രീകരിച്ച് മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രത്തില്‍ വിദഗ്ദരെ പങ്കെടുപ്പിച്ച് പ്രഭാഷണ പരമ്പരക്കും തുടക്കമിട്ടിരുന്നു. 1979 മുതല്‍ 1984 വരെ അവിഭക്ത ബേഡഡുക്ക ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡണ്ടായിരുന്നു.
ബേഡകത്ത് സി.പി.എമ്മിനെ അജയശക്തിയായി വളര്‍ത്തിയെടുക്കുന്നതില്‍ പി രാഘവന്റെ സംഭാവന ശ്രദ്ധേയമാണ്. ബേഡകത്തെ രാഷ്ട്രീയ എതിരാളികള്‍ പലപ്പോഴും രാഘവനെ ആക്രമിക്കാന്‍ പദ്ധതി ഇട്ടപ്പോഴും അതില്‍ നിന്നെല്ലാം തലനാരിഴക്ക് രക്ഷപ്പെട്ടു. പാമ്പ് കടിയേറ്റ് അവശനായി ചികിത്സക്കിടയിലാണ് രാഘവന്‍ പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം തലപ്പള്ളം വളണ്ടിയര്‍ ക്യാമ്പ് പ്രത്യയശാസ്ത്ര ക്ലാസ് എടുക്കാന്‍ പോയത്. ഇവിടെ വെച്ചാണ് 30 ലേറെ മറ്റ് പ്രവര്‍ത്തകര്‍ക്കൊപ്പം നക്‌സലൈറ്റ് മുദ്ര കുത്തി പോലീസ് അറസ്റ്റ് ചെയ്ത് ഭീകരമായി മര്‍ദ്ദിച്ച് ജയിലില്‍ അടച്ചത്. ഇ.എം.എസ്, എ.കെ. ജി, ഇ.കെ നായനാര്‍, പാച്ചേനി കുഞ്ഞിരാമന്‍ തുടങ്ങിയ നേതാക്കളുമായി അടുത്ത സൗഹൃദം രാഘവനുണ്ടായിരുന്നു.
സൗമ്യതയും സ്‌നേഹ പൂര്‍ണമായ പെരുമാറ്റവും രാഘവന്റെ സവിശേഷതയാണ്. പരിചയപ്പെടുന്ന ആള്‍ രാഘവനെയും രാഘവന്‍ അയാളെയും ഓര്‍മ്മയില്‍ സൂക്ഷിക്കും. രാഷ്ടീയത്തിന് അതീതമായ സൗഹൃദ ബന്ധം രാഘവനെ ജനകീയനാക്കി. ഒരു ദശാബ്ദക്കാലം എല്‍.ഡി.എഫിന്റെ ജില്ലാ കണ്‍വീനറായിരുന്നു പ്രിയപ്പെട്ടവര്‍ പി.ആര്‍ എന്നു വിളിക്കുന്ന പി.രാഘവന്‍. ഘടക കക്ഷികളെ യോജിപ്പിച്ചു കൊണ്ടുപോകുന്നതിനുള്ള മെയ്‌വഴക്കം രാഘവനുണ്ടായിരുന്നു.
1945 ഒക്ടോബര്‍ 15 ന് ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ മൂന്നാടാണ് ജനനം. ചേവിരിരാമന്‍ നായരുടെയും പേറയില്‍ മാണിയമ്മയുടെയും ഇളയമകനാണ്. 1975 മെയ് 4 നാണ് പി.രാഘവന്‍ വിവാഹിതനായത്. കള്ളാറിലെ പാര്‍ട്ടി നേതാവായിരുന്ന ടി.ഗോവിന്ദന്‍ നായരുടെ മകള്‍ കമലയാണ് ഭാര്യ. മുന്നാട് പീപ്പിള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് റജിസ്ട്രാര്‍ കെ.ആര്‍.അജിത് കുമാര്‍, ഏഷ്യാനെറ്റ് ന്യൂസ് ഗള്‍ഫ് റിപ്പോര്‍ട്ടര്‍ കെ.ആര്‍.അരുണ്‍ കുമാര്‍ എന്നിവര്‍ മക്കളാണ്. മരുമക്കള്‍ ദീപ (യു ഡി ക്ലര്‍ക്ക്, കാസര്‍കോട് കലക്ടറേറ്റ്), അനുഷ (സിനിമാ അസോസിയേറ്റ് ഡയറക്ടര്‍). പരേതരായ കൃഷ്ണന്‍ നായര്‍, നാരായണന്‍ നായര്‍, കോമന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍, തമ്പായി, ജാനകി എന്നിവര്‍ സഹോദരങ്ങളാണ്.

Post a Comment

0 Comments