എന്‍ കെ യുടെ ജന്മശതാബ്ദി ആഘോഷത്തിന് രാജാസ് സ്‌കൂള്‍ അനുവദിച്ചില്ല; പ്രതിഷേധം വ്യാപകം


നീലേശ്വരം: കേരളത്തിന്റെ വികസന ശില്‍പ്പി പ്രത്യേകിച്ച് വടക്കന്‍ കേരളത്തിന്റെ സമഗ്രവികസനത്തിന് ചുക്കാന്‍ പിടിച്ച മുന്‍ മന്ത്രി എന്‍.കെ ബാലകൃഷ്ണന്റെ ജന്മശതാബ്ദി ആഘോഷത്തിന് രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിട്ടുകൊടുത്തില്ല.
കാസര്‍കോട് ജില്ലയുടെ വിശിഷ്യ നീലേശ്വരത്തിന്റെ ആരാധ്യപുരുഷനാണ് യശശരീരനായ എന്‍.കെ.ബാലകൃഷ്ണന്‍. നിരവധി ദേശീയ സംസ്ഥാന കായിക മേളകള്‍ക്കും യൂണിവേഴ്‌സിറ്റി കലോത്സവം ഉള്‍പ്പെടെയുള്ള കലാ സാംസ്‌ക്കാരിക പരിപാടികള്‍ക്കും വേദിയായിട്ടുള്ള രാജാസ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ മൈതാനം പൊതു പരിപാടികള്‍ക്ക് വിട്ടു നല്‍കേണ്ടെന്ന മാനേജ്‌മെന്റിന്റെ തീരുമാനത്തിന്റെ ഭാഗമാണത്രെ ഇത്. എന്‍.കെ.യുടെ ജന്മശത്ബ്ദി ആഘോഷത്തിന് രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിട്ടുകൊടുക്കാത്തത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
സ്വാതന്ത്ര്യസമര സേനാനിയും കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങള്‍ ആദരവോടെ കാണുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന മഹത് വ്യക്തിയായിരുന്നു എന്‍.കെ.ബാലകൃഷ്ണന്‍. അദ്ദേഹത്തെകുറിച്ചുള്ള ദീപ്ത സ്മരണകള്‍ ഇന്ന് പഴയ ഹോസ്ദുര്‍ഗ്, കാസര്‍കോട് താലൂക്കുകളിലെ ജനങ്ങളുടെ മനസ്സില്‍ നിന്നും മായുന്നില്ല. എന്‍ കെ സ്മാരക വേദിയും നീലേശ്വരം സര്‍വ്വീസ് സഹകരണ ബാങ്കുമാണ് ഫെബ്രുവരി 15 ന് പരിപാടി നിശ്ചയിച്ചത്. കെ.പി.സി.സി പ്രസിഡണ്ട് മുല്ലപള്ളി രാമചന്ദ്രനാണ് എന്‍.കെ യുടെ ജന്മശതാബ്ദി ഉദ്ഘാടനം ചെയ്യുന്നത്.ഈ പരിപാടി നടത്താന്‍ രാജാസ് സ്‌കൂള്‍ വിട്ടുകൊടുക്കാത്തത് മാനേജ്‌മെന്റിന്റെ ധിക്കാരമാണെന്ന് നീലേശ്വരത്തുകാര്‍ പറയുന്നു. മന്ത്രിയായിരിക്കുമ്പോള്‍ ജില്ലയിലും ജനിച്ച നാടായ നീലേശ്വരത്തും ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങക്ക് നേതൃത്വം കൊടുത്ത അദ്ദേഹത്തിന്റെ പേരില്‍ പരിപാടി നടത്താന്‍ പോലും സ്‌കൂള്‍ അങ്കണം വിട്ട് കൊടുക്കാതിരിക്കാന്‍ കാരണമെന്തായാലും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സംഘാടകര്‍ പറയുന്നത്. ഒരു മാസം മുമ്പ് ആര്‍.എസ്.എസിന് ഒരാഴ്ച സക്കൂള്‍ മൈതാനം വിട്ട് നല്‍കിയപ്പോള്‍ പ്രതിഷേധ വുമായി സി .പി.എം രംഗത്ത് വന്നിരുന്നു. നഗരത്തില്‍ പഥ സഞ്ചലനം നടത്തുമ്പോള്‍ ഡി.വൈ.എഫ് ഐ പ്രവര്‍ത്തകര്‍ തടയുകയും ഇരുവിഭാഗത്തിലുംപെട്ട പ്രവര്‍ത്തകര്‍ റിമാന്റിലാവുകയും ചെയ്തിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും, ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിക്കും സ്‌കൂള്‍ അനുവദിക്കുകയില്ലെന്ന സ്‌ക്കൂള്‍ മാനേജ്‌മെന്റിന് നടപടിയില്‍ സി.പി.എം നീലേശ്വരം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചിരുന്നു.
നീലേശ്വരത്തെ പ്രമുഖ സാംസ്‌ക്കാരിക സംഘടനയായ ഫൈനാര്‍ട്‌സ് സൊസൈറ്റി കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി പ്രതിമാസ പരിപാടി നടത്താറുള്ളത് ഇവിടെയാണ്. ഇവര്‍ക്കും വേദി നല്‍കേണ്ടതില്ലെന്നാണ് മാനേജ്‌മെന്റിന്റെ തീരുമാനം. അത്യുത്തരകേരളത്തിന്റെ സാംസ്‌ക്കാരിക തലസ്ഥാനമായ നീലേശ്വരത്ത് പരിപാടികള്‍ നടത്താന്‍ നിലവില്‍ ഏറെ സൗകര്യമുള്ള രാജാസില്‍ പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് ജനങ്ങളെ ഒന്നടങ്കം കുപിതരാക്കിയിട്ടുണ്ട്.

Post a Comment

0 Comments