തണ്ണീര്‍ത്തടം സംരക്ഷിക്കാന്‍ കുരുന്നുകളുടെ പ്രതിജ്ഞ


ചെറുവത്തൂര്‍: ജൈവവൈവിധ്യത്തിന്റെ കലവറയായ തണ്ണീര്‍ത്തടങ്ങളെ കാത്തുരക്ഷിക്കുമെന്ന പ്രതിജ്ഞയെടുത്ത് കുരുന്നുകള്‍.
ലോക തണ്ണീര്‍ത്തട ദിനത്തില്‍ ഇടയിലെക്കാട് നവോദയ വായനശാല ആന്‍ഡ് ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിലാണ് കവ്വായിക്കായലോരത്ത് ഒത്തുചേര്‍ന്ന് നാശത്തിലേക്ക് നീങ്ങുന്ന തണ്ണീര്‍ത്തടങ്ങളെ കാക്കാന്‍ നാടാകെ തയ്യാറാകണമെന്ന സന്ദേശം മുഴക്കിയത്.വികസനത്തിന്റെ തീച്ചൂളയില്‍ തണ്ണീര്‍ത്തടങ്ങളിലെ ആവാസവ്യവസ്ഥയാകെ തകിടം മറിയുമ്പോള്‍ മിക്ക ജന്തുക്കളും സസ്യങ്ങളും മണ്‍മറയുകയാണെന്ന സത്യം തിരിച്ചറിയണമെന്ന് പ്രതിജ്ഞയിലൂടെ കുട്ടികള്‍ ചൊല്ലിയുറപ്പിച്ചു.ഇടയിലെക്കാട്ടിലും പരിസരങ്ങളിലുമുള്ള കണ്ടല്‍ക്കാടുകളിലേക്കും കായലോരങ്ങളിലേക്കും വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകള്‍ കുട്ടികള്‍ ശേഖരിച്ചു. കവ്വായിക്കായലിന്റെ ജൈവസമ്പന്നതയുടെ അടയാളങ്ങളായി ഒട്ടേറെ ജീവജാലങ്ങള്‍ക്ക് തണലേകുന്ന ചെറിയ ഉപ്പട്ടി, വലിയ ഉപ്പട്ടി, ഭ്രാന്തന്‍ കണ്ടല്‍, വള്ളിക്കണ്ടല്‍, നല്ല കണ്ടല്‍, എഴുത്താണിക്കണ്ട ല്‍, പൂക്കണ്ടല്‍, കടക്കണ്ടല്‍, കണ്ണാമ്പൊട്ടി, ചുള്ളിക്കണ്ടല്‍ എന്നീ കണ്ടലുകളും മച്ചും പൊതി, പുഴമുല്ല എന്നീ സഹകണ്ടലുകളും കുട്ടികള്‍ തിരിച്ചറിഞ്ഞു.

Post a Comment

0 Comments