നീലേശ്വരം ബസ്റ്റാന്റിലെ കയ്യേറ്റം ഒഴിയാന്‍ വ്യാപാരികള്‍ക്ക് നോട്ടീസ്


നീലേശ്വരം: നീലേശ്വരം ബസ്റ്റാന്റിന് മുന്നിലെ രണ്ട് സ്വകാര്യ കെട്ടിടങ്ങളിലെ പതിനൊന്നോളം വ്യാപാരികള്‍ക്ക് കുയ്യേറ്റം ഒഴുപ്പിക്കാന്‍ നഗരസഭ നോട്ടീസ് നല്‍കി.
ബസ്റ്റാന്റിന് മുന്നിലുള്ള ഒരു സ്വകാര്യവ്യക്തിയുടെയും കാഞ്ഞങ്ങാട്ടെ ഒരുപള്ളികമ്മറ്റിയുടെയും ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ താഴത്തെനിലയിലുള്ള 11 വ്യാപാരികള്‍ക്കാണ് നഗരസഭ നോട്ടീസ് നല്‍കിയത്.
മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം കയ്യേറി അവിടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന പരാതിയെതുടര്‍ന്ന് മുനിസിപ്പല്‍ പൊതുമരാമത്ത് അധികൃതര്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയിരുന്നു. ഇതിലാണ് കയ്യേറ്റം നടന്നതായി കണ്ടെത്തിയത്. നിശ്ചിത സമയത്തിനകം കയ്യേറ്റം നടത്തിയ സ്ഥലത്തെ നിര്‍മ്മാണപ്രവൃത്തികള്‍ പൊളിച്ചുമാറ്റിയില്ലെങ്കില്‍ നഗരസഭതന്നെ ഇവ പൊളിച്ചുമാറ്റി അതിന് നഷ്ടം ഈടാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുനിസിപ്പല്‍ ആക്ട് 406 പ്രകാരമാണ് വ്യാപാരികള്‍ക്ക് പൊളിച്ചുമാറ്റാനുള്ള നോട്ടീസ് നല്‍കിയിരിക്കുന്നത്. ജനങ്ങള്‍ക്ക് ബസ് കാത്തുനില്‍ക്കേണ്ട സ്ഥലം കയ്യേറിയാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളതെന്നാണ് നഗരസഭയുടെ കണ്ടെത്തല്‍. നിലവിലുണ്ടായിരുന്ന ബസ്റ്റാന്റ് പൊളിച്ചുമാറ്റി ഇവിടെ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പുതിയ ബഹുനില ബസ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സ് പണിയാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. ഇതേതുടര്‍ന്നാണ് ബസ്റ്റാന്റിനോടനുബന്ധിച്ചുള്ള കയ്യേറ്റം ഒഴിപ്പിക്കാന്‍ നഗരസഭ തീരുമാനിച്ചത്.
പുതിയ ബസ്റ്റാന്റ് കോംപ്ലക്‌സിന്റെ രൂപരേഖക്ക് അംഗീകാരം ലഭിച്ചുകഴിഞ്ഞു. താമസിയാതെ തന്നെ നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിക്കാനാണ് നഗരസഭയുടെ തീരുമാനം.
ഇപ്പോള്‍ കയ്യേറ്റം നടത്തിയ ഭൂമി പുതിയ ബ സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ രൂപരേഖയില്‍ ഉള്‍ പ്പെട്ടതാണ്. ഈ ഭാഗത്തുകൂടെ ബസ്റ്റാന്റിനോടനുബന്ധിച്ച് റോഡ് നിര്‍മ്മിക്കാനാണുദ്ദേശിക്കുന്നത്.

Post a Comment

0 Comments