പിരിവിന് കുറവില്ല, ഉത്സവത്തിന് പൊലിമ കുറഞ്ഞു; ഭക്തരില്‍ മുറുമുറുപ്പ്


നീലേശ്വരം: പ്രശസ്തമായ നീലേശ്വരം തളിയില്‍ ശിവക്ഷേത്രത്തില്‍ നടന്നുവരുന്ന ഉത്സവാഘോഷങ്ങള്‍ക്ക് പൊലിമ കുറഞ്ഞത് ഭക്തരില്‍ മുറുമുറുപ്പിന് കാരണമായി.
ഉത്സവം ക്ഷേത്രത്തിലാണെങ്കിലും ഇതിന്റെ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത് അയ്യപ്പ ഭജനമഠം കമ്മിറ്റിയാണ്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആഘോഷ പരിപാടികള്‍ക്ക് പൊലിമ കുറഞ്ഞുവരികയും പരിപാടികള്‍ മിക്കതും സാമ്പത്തിക ലാഭം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്നും ഭക്തര്‍ പറയുന്നു. നേരത്തെ ആനയുടെ അകമ്പടിയോടെ ആഘോഷപൂര്‍വ്വം പാലക്കൊമ്പ് എഴുന്നള്ളത്തും വെടിക്കെട്ടും വൈവിധ്യമാര്‍ന്ന കലാപരിപാടികളും സംഘടിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വെടിക്കെട്ടും ആന എഴുന്നള്ളത്തും ഒഴിവാക്കുകയും പാലക്കൊമ്പ് എഴുന്നള്ളത്ത് കേവലം ചടങ്ങാക്കി മാറ്റുകയും ചെയ്തു. ഉത്സവദിവസങ്ങളില്‍ സമീപത്തെ സ്വകാര്യ നൃത്ത, സംഗീത വിദ്യാലയ ഉടമകളോട് വന്‍തുക ഇങ്ങോട്ടേക്ക് വാങ്ങി കുട്ടികളുടെ പരിപാടികള്‍ നടത്തുകയാണ് ചെയ്യുന്നത്. ഇതിന് സ്ഥാപന അധികൃതര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും വന്‍തുക ദക്ഷിണയായി വാങ്ങുകയും ചെയ്യുന്നു. സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങുന്ന തുകയുടെ ചെറിയൊരുഭാഗം ഉപയോഗിച്ച് ഗാനമേള, നാടകം പോലുള്ള ചെറിയ പരിപാടികള്‍ ചടങ്ങിനായി നടത്തുന്നു. അതേസമയം നാട്ടിലെ കലാകാരന്മാര്‍ക്ക് അവസരം നല്‍കാറില്ലെന്നും ആക്ഷേപമുണ്ട്. ഉത്സവാഘോഷ നടത്തിപ്പിന്റെ സംഘാടക സമിതി രൂപീകരണം അധികമാരോടും പറയാതെ നടത്തിപ്പുകാര്‍ സ്ഥിരംകമ്മിറ്റിയെ തിരഞ്ഞെടുക്കുകയാണെത്രെ പതിവ്. ഉത്സവത്തിന് പൊലിമകുറഞ്ഞെങ്കിലും പിരിവിന് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് ഭക്തര്‍ പറയുന്നത്. ക്ഷേത്രമതിലിന് പുറത്തുനടക്കുന്ന ആഘോഷപരിപാടികളുമായി ക്ഷേത്രട്രസ്റ്റ് ബോര്‍ഡിന് യാതൊരുബന്ധവുമില്ല.

Post a Comment

0 Comments