വെടിയുണ്ടകള്‍ കാണാതായ കേസില്‍ ഗണ്‍മാനും പ്രതി


തിരുവനന്തപുരം: സായുധ സേനാ ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ നഷ്ടമായ കേസില്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനും പ്രതി. 11 പോലീസുകാരെ പ്രതി ചേര്‍ത്ത് പേരൂര്‍ക്കട പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ഉള്ളത് ഗുരുതര പരാമര്‍ശങ്ങള്‍. 10 മാസം മുമ്പ് തുടങ്ങിയ അന്വേഷണം ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്നു.
1996 മുതല്‍ 2018 വരെയുള്ള കാലയളവില്‍ എസ്എപി ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായെന്ന മുന്‍ കമാണ്ടന്റ് സേവ്യറിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. 2019 ഏപ്രില്‍ 3 നാണ് പേരൂര്‍ക്കട പോലീസ് കേസെടുക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാന്‍ സനില്‍കുമാര്‍ എഫ്‌ഐആറിലെ മൂന്നാം പ്രതിയാണ്. എസ് എ പി ക്യാമ്പിലെ ഹവില്‍ദാറായിരുന്ന സനില്‍കുമാറിനും വെടിക്കോപ്പുകളുടെ സൂക്ഷിപ്പ് ചുമതലയുണ്ടായിരുന്നു വെടിയുണ്ടകളുടെ വിവരങ്ങള്‍ സനില്‍ കുമാര്‍ അടക്കമുള്ള 11 പേരും രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ലെന്നാണ് എഫ്‌ഐറില്‍ പറയുന്നത്. അതീവ സുരക്ഷയോടെ കൈകാര്യം ചെയ്യേണ്ടിയിരുന്ന എകെ 47 തോക്കുകളുടെ തിരകളിലടക്കം ജാഗ്രതകുറവ് ഉണ്ടായെന്നും കണ്ടെത്തിയിട്ടുണ്ട്.
രേഖകളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി, വഞ്ചനയിലൂടെ കൂടുതല്‍ പൈസയുണ്ടാക്കി എന്നീ കുറ്റങ്ങളും പോലീസുകാര്‍ക്കെതിരെ എഫ്.ഐ. ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ജോലിയിലെ വീഴ്ച മൂലം സര്‍ക്കാറിന് നഷ്ടമുണ്ടായെന്നും ചില ഉദ്യോഗസ്ഥര്‍ രേഖകളില്‍ കൃത്രിമം കാണിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. പോലീസ് കേസെടുത്തതിന് പിന്നാലെ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറി. പക്ഷെ അതീവ ഗൗരവമുള്ള കേസില്‍ അന്വേഷണം ഇപ്പോഴും എങ്ങുമെത്തിയില്ല.
രജിസ്റ്റര്‍ സൂക്ഷിക്കേണ്ട പോലീസുകാര്‍ മാത്രം എഫ്‌ഐആറില്‍ പ്രതികളായി. വെടിയുണ്ടകളുടെ കൈമാറ്റം കൃത്യമായി ഉറപ്പ് വരുത്തേണ്ട ക്യാമ്പിലെ ഉന്നത ഉദ്യോഗസ്ഥന്മാരെ കുറിച്ച് റിപ്പോര്‍ ട്ടില്‍ യാതൊരു പരാമര്‍ശങ്ങളുമില്ല.
മന്ത്രിയുടെ ഗണ്‍മാന്‍ അടക്കം പ്രതികളായ കേസായത് കൊണ്ടുതന്നെ ഇത് അട്ടിമറിക്കാന്‍ ഉന്നത ഇടപെടലും കേസില്‍ സംശയിക്കാം. ആയുധങ്ങളും വെടിയുണ്ടകളും കാണാനില്ലെന്ന സിഎജി റിപ്പോര്‍ട്ട് വിവാവദമായതോടെ ഈ കേസിന്റെ അന്വേഷണത്തില്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഉണര്‍ന്നുപ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ട്. കേസിലെ അന്വേഷണം രണ്ട് മാസം കൊണ്ട് തീര്‍ക്കണമെന്നാണ് ക്രൈംബ്രാഞ്ച് മേധാവി അന്വേഷണസംഘത്തിന് നല്‍കിയ പുതിയ നിര്‍ദ്ദേശം.

Post a Comment

0 Comments