സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ശ്രദ്ധേയമായ 'ചരിത്രസ്മാരകം' ചവററുകൊട്ടയില്‍


കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സംഘാടകമികവുകൊണ്ട് ശ്രദ്ധേയമായ കാഞ്ഞങ്ങാട്ട് നടന്ന കലോത്സവത്തില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച കൊടിമരം ചവറ്റുകൊട്ടയില്‍.
ബേക്കല്‍കോട്ടയുടെ പശ്ചാത്തലത്തില്‍ കടലാസ് പെന്‍സിലിന്റെ മാതൃകയില്‍ നിര്‍മ്മിച്ച കൊടിമരം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നെത്തിയ കലാപ്രതിഭകളും കാണികളും രക്ഷിതാക്കളും ഈ കൊടിമരത്തിന്റെ മുന്നില്‍നിന്നും ഫോട്ടോ പകര്‍ത്താന്‍ മത്സരിക്കുകയായിരുന്നു. കലോത്സവത്തിനെത്തിയ ചലച്ചിത്രതാരങ്ങളും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടവ്യക്തികളും കൊടിമരത്തെ വാനോളം പുകഴ്ത്തി. ഇതേ തുടര്‍ന്ന് കലോത്സവം കഴിഞ്ഞയുടന്‍ ഈ കൊടിമരം ചരിത്രസ്മാരകമായി നിലനിര്‍ത്തുമെന്ന് സംഘാടകര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കലോത്സവം കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടിട്ടും കൊടിമരത്തെ ചരിത്രസ്മാരകമാക്കിമാറ്റാനുള്ള തീരുമാനം സംഘാടകര്‍ മറന്നുവെന്ന് മാത്രമല്ല ചരിത്രസ്മാരകമാക്കി മാറ്റാന്‍ ഉദ്ദേശിച്ച കൊടിമരവും അനുബന്ധമായ ബേക്കല്‍കോട്ടയുടെ മാതൃകയും കലോത്സവം നടന്ന ഐങ്ങോത്തെ വേദിക്കരികിലെ കുറ്റിക്കാട്ടില്‍ വെയിലും മഞ്ഞുമേറ്റ് അനാഥമായികിടക്കുകയാണ്.
ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 8 വരെ ഇവിടെ പടന്നക്കാട് ആസ്‌പെയര്‍സിറ്റി ഫുട്‌ബോള്‍ സംഘടിപ്പിക്കുകയാണ്. ഇതിനായി ഗ്രൗണ്ട് നിര്‍മ്മാണ പ്രവര്‍ത്തികളും ആരംഭിച്ചുകഴിഞ്ഞു. ടൂര്‍ണ്ണമെന്റ്കൂടി നടത്തുന്നതോടെ ഈ ചരിത്രസ്മാരകം പൂര്‍ണ്ണമായും നാശോന്മുഖമാവും. അന്ന് കൊടിമരകമ്മറ്റിയും മോനാച്ച സ്വരലയസാംസ്‌കാരികവേദിയും ചേര്‍ന്നാണ് കൊടിമരം നിര്‍മ്മിച്ചത്.
കൊടിമരം നിര്‍മ്മാണത്തിനായി 90,000 രൂപയാണ് ചിലവായതെങ്കിലും ക്ലബ്ബിന് 75000 രൂപമാത്രമാണ് നല്‍കിയത്. എന്നാല്‍ കലോത്സവത്തിന്റെ വരവ് ചെലവ് കണക്കുകളില്‍ കൊടിമരം നിര്‍മ്മിക്കാന്‍ ഒന്നരലക്ഷം രൂപ ചിലവായി എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Post a Comment

0 Comments