പെരിയ: സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ അസാപിന്റെ കീഴില്‍ സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഹാക്കത്തോണായ 'റീബൂട്ട് കേരള ഹാക്കത്തോണ്‍' കാസര്‍കോട്ടും എത്തുന്നു. പെരിയ പോളിടെക്നിക്കില്‍ മാര്‍ച്ച് ആറ് മുതല്‍ എട്ട് വരെ നടക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹാക്കത്തോണില്‍ റവന്യൂ, ദുരന്തനിവാരണം എന്നീ വിഷയങ്ങളിലുള്ള പ്രതിസന്ധികള്‍ക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിഹാരം തേടും. വിവിധ മേഖലകളില്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പരിഹാരം കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന 10 ഹാക്കത്തോണുകളിലൊന്നാണ് ജില്ലയില്‍ നടക്കുന്നത്. സംസ്ഥാനത്തെ കോളേജുകളില്‍ നിന്നും തെരഞ്ഞെടുത്ത നാല് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും അടങ്ങുന്ന 30 ടീമുകളാണ് ഹാക്കത്തോണില്‍ പങ്കെടുക്കുന്നത്.
രണ്ട് ഘട്ടങ്ങളായി സംഘടിപ്പിച്ചാണ് ഹാക്കത്തോണ്‍ വിജയികളെ കണ്ടെത്തുന്നത്. മാര്‍ച്ച് ആറിന് രാവിലെ ഏഴോടെ ആരംഭിച്ച് അടുത്ത ദിവസം രാവിലെ ഏഴ് വരെ നീളുന്നതാണ് ആദ്യഘട്ടം. വിദ്യാര്‍ത്ഥികള്‍ 24 മണിക്കൂറിനിടയില്‍ ഇടയ്ക്കിടക്ക് വിശ്രമിച്ചും രാത്രിയിലെ ഉറക്കമുപേക്ഷിച്ചും പ്രോഗ്രാമിങ്ങും കോഡിങ്ങും ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യയുപയോഗിച്ച് പ്രശ്ന പരിഹാരം കാണും. ഇതില്‍ നിന്നും തെരഞ്ഞെടുത്ത 15 ബാച്ചുകള്‍ വീണ്ടും 12 മണിക്കൂര്‍ ഹാക്കത്തോണില്‍ പങ്കെടുക്കും. ഇതില്‍ നിന്നും വിജയികളാകുന്നവ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 50,000 രൂപ, 30,000 രൂപ, 20,000 രൂപ സമ്മാനിക്കും. ഉന്നത വിദ്യാഭ്യാസസാങ്കേതിക സ്ഥാപനങ്ങളിലടക്കമുള്ള 18 പേരടങ്ങുന്ന വിദഗ്ധ സംഘമായിരിക്കും ഹാക്കത്തോണ്‍ വിലയിരുത്തി വിജയികളെ തെരഞ്ഞെടുക്കുക. ഇതിനകം മൂന്ന് ഹാക്കത്തോണുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോഴിക്കോട് നടന്ന ഹാക്കത്തോണില്‍ ട്രാന്‍സ്പോര്‍ട്ടേഷനും മലപ്പുറത്ത് വിദ്യാഭ്യാസവും തിരുവനന്തപുരത്ത് ആഭ്യന്തരവുമാണ് വിഷയമായത്.
കളക്ടറേറ്റില്‍ ഡെപ്യൂട്ടി കളക്ടര്‍ പി ആര് രാധികയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു ചെയര്‍മാനും പെരിയ പോളിടെക്നിക് പ്രിന്‍സിപ്പാള്‍ പി.പി സോളമന് കണ്‍വീനറായും അസാപ് ജില്ലാ പ്രൊജക്ട് മാനേജര്‍ രാഹുല്‍ വിജയമോഹന് സെക്രട്ടറിയായും സംഘാടക സമിതി രൂപീകരിച്ചു. ഹാക്കത്തോണിന് മെഡിക്കല്‍ സംഘത്തിന്റെയും വളണ്ടിയര്‍മാരുടെയും സേവനം ലഭ്യമാക്കാനും എല്ലാ വിധ സൗകര്യങ്ങളും ഉറപ്പു വരുത്താനും യോഗം തീരുമാനിച്ചു.
0 Comments