തസ്ലീമിന്റെ കൊല: ഉപ്പള സ്വദേശി ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍


കാസര്‍കോട്: ഗുണ്ടാനേതാവ് ചെമ്പിരിക്ക സ്വദേശി ഡോണ്‍ തസ്ലീമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ നാലുപേര്‍ പോലീസിന്റെ പിടിയിലായതായി സൂചന.
പൈവളിഗെ അട്ടഗോളി നപ്പട്ട റഫീക്ക്ഉള്‍പ്പെടെയുള്ള നാലുപേരെയാണ് കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നേരത്തെ കൊല്ലപ്പെട്ട ഉപ്പളയിലെ ഗുണ്ടാനേതാവിന്റെ സംഘത്തിന് തോക്കുള്‍പെടെയുള്ള ആയുധങ്ങള്‍ നല്‍കിയത് തസ്ലീമാണെന്ന സംശയം എതിര്‍ സംഘത്തിനുണ്ടായിരുന്നു. ഇതായിരിക്കാം തസ്ലീമിനെ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്താനുള്ള കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.
കഴിഞ്ഞ 31 നാണ് സഹോദരനോടൊപ്പം ജയില്‍മോചിതനായി നാട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ തസ്ലീമിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ മംഗലാപുരത്തിനടുത്ത് ബംണ്ട്വാളില്‍ തസ്ലീമും തട്ടിക്കൊണ്ടുപോയസംഘവും ഉണണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഒളിത്താവളം വളഞ്ഞപ്പോള്‍ സംഘം ഇനാവോ കാറില്‍ തസ്ലീമുമായി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഞായറാഴ്ചയാണ് യുവാവിനെ ഇന്നോവ കാറിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബണ്ട്വാള്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
അഫ്ഗാന്‍ സംഘവുമായി ബന്ധമുണ്ടെന്ന് സംശയിച്ച് കഴിഞ്ഞ 16 ന് ബേക്കല്‍ പോലീസിന്റെ സഹായത്തോടെ ഡല്‍ഹി പോലീസ് അറസ്റ്റുചെയ്തിരുന്നു. ഡല്‍ഹിയില്‍ ആര്‍.എസ്.എസ് നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടു എന്ന കേസിലാണ് തസ്ലീമിനെ അറസ്റ്റുചെയ്തത്. പിന്നീട് ആഴ്ചകള്‍ കഴിഞ്ഞാണ് യുവാവ് പുറത്തിറങ്ങിയത്. ആ കേസില്‍ നിരപരാധിയാണെന്ന് കണ്ട് വിട്ടയക്കുകയായിരുന്നുവെന്നാണ് തസ്ലീം വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് അഫ്ഗാന്‍ സ്വദേശികളുള്‍പെട്ട കര്‍ണാടകയിലെ ജ്വല്ലറി കവര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ചെറുപ്രായത്തില്‍ തന്നെ ദുബൈയിലേക്ക് പോയി ജോലി ചെയ്തുവന്നിരുന്ന തസ്ലീം അവിടെ കള്ളുകച്ചവടക്കാരുടെയും അനധികൃതമായി താമസിക്കുന്നവരുടെയും പെണ്‍വാണിഭ സംഘത്തിന്റെയും വിവരങ്ങള്‍ ദുബൈ പോലീസിന് കൈമാറി വന്നതോടെയാണ് യുവാവ് ഇന്‍ഫോര്‍മര്‍ എന്ന നിലയില്‍ കുപ്രസിദ്ധനായത്. തസ്ലീം തന്നെ പലപ്പോഴായി താന്‍ നിരവധി പേരെ അകത്താക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. തസ്ലീമിന്റെ വിവരം ചോര്‍ത്തലിലെ കഴിവ് മനസിലാക്കി ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) ഉദ്യോഗസ്ഥര്‍ യുവാവില്‍ നിന്നും പല രഹസ്യ വിവരങ്ങളും ശേഖരിച്ചുവന്നതായും പറയുന്നു. ഇതോടെ പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ഉറ്റതോഴനായി തസ്ലീം മാറിയിരുന്നു. ഏതാനും വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ വിമാനമിറങ്ങിയ തസ്ലീമിനെ ഭീകരവാദിയാണെന്ന് പറഞ്ഞ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പത്തനംതിട്ട പോലീസാണ് അന്ന് യുവാവിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.
ഇന്‍ഫോര്‍മറെന്ന നിലയില്‍ ഒരുപാട് പേരെ ശത്രുക്കളാക്കിയ തസ്ലീം കാസര്‍കോട്ടെയും ഉപ്പളയിലെയും ഗുണ്ടാസംഘങ്ങളുമായി അടുത്തബന്ധം പുലര്‍ത്തി വന്നിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യം യുവാവ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ മാത്രം തസ്ലീമിനെതിരെ ആറ് കേസുകളുണ്ടെന്ന് ബേക്കല്‍ എസ്.ഐ പി.അജിത്ത്കുമാര്‍ പറഞ്ഞു. ഒരു തവണ ബേക്കല്‍ പോലീസ് തസ്ലീമിന്റെ വീട് റെയ്ഡ് ചെയ്ത് വ്യാജ പാസ്‌പോര്‍ട്ട് പിടികൂടിയിരുന്നു. ഇതിനു ശേഷം മേല്‍പറമ്പ് പോലീസ് തോക്കും പിടികൂടിയിരുന്നു.

Post a Comment

0 Comments