വധശിക്ഷ നീട്ടുന്നതിനെതിരെ പൊട്ടിക്കരഞ്ഞ് നിര്‍ഭയയുടെ മാതാവ്


ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് തിഹാര്‍ ജയില്‍ അധികൃതര്‍ പാട്യാല കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ എ.പി. സിംഗ് കേസില്‍ നിന്ന് പിന്മാറി. മറ്റ് പ്രതികളുടെ അഭിഭാഷകരും കേസ് ഏറ്റെടുത്തില്ല. സര്‍ക്കാര്‍ അഭിഭാഷകരെ വിശ്വാസമില്ലെന്ന് പ്രതിയുടെ പിതാവ് പറയുകയും ചെയ്തു.
ഇതോടെ ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പിലാക്കുമെന്നും നടപടി ക്രമങ്ങള്‍ പാലിച്ചേ മരണവാറണ്ട് പുറപ്പെടുവിക്കാന്‍ സാധിക്കൂവെന്നും കോടതി പ്രതികരിച്ചു. പ്രതിക്ക് പുതിയ അഭിഭാഷകനെ കണ്ടെത്താന്‍ സമയം അനുവദിച്ച് ഹര്‍ജിയിലെ വാദം കേള്‍ക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റി. എന്നാല്‍ കോടതിയുടെ നിര്‍ദ്ദേശം കേട്ട് നിര്‍ഭയയുടെ അമ്മ പൊട്ടിക്കരഞ്ഞു.
എന്റെ വികാരം എന്തുകൊണ്ട് കോടതി മനസിലാക്കുന്നില്ല ഉത്തരവിന് പിന്നാലെ കോടതി മുറിക്കുള്ളില്‍ പൊട്ടിക്കരഞ്ഞ് നിര്‍ഭയയുടെ അമ്മ ചോദിച്ചു. ഞാന്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവിടെയുണ്ട്. അവരുടെ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിനായി കാത്തിരിക്കുകയായിരുന്നു. ഞാന്‍ ഇരയുടെ അമ്മയാണ്. എനിക്കും ചില അവകാശങ്ങളുണ്ട്. മരണവാറണ്ട് പുറപ്പെടുവിക്കാന്‍ ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്. കണ്ണീരൊഴുക്കിക്കൊണ്ട് നിര്‍ഭയയുടെ അമ്മ പറഞ്ഞു.
വധശിക്ഷയ്ക്ക് വിധിച്ച കുറ്റവാളിയാണെങ്കിലും അയാളുടെ ഭാഗം പറയാനുള്ള അവകാശം നിയമം അനുവദിക്കുന്നുണ്ടെന്ന് കോടതി അറിയിച്ചു. എന്നാല്‍ കുറ്റവാളികളുടെ വധശിക്ഷ വൈകിപ്പിക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ച് നിര്‍ഭയയുടെ അമ്മയും അച്ഛനും കോടതി വളപ്പില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. വനിതാവകാശ പ്രവര്‍ത്തക യോഗിത ഭയാനയും ഒപ്പമുണ്ടായിരുന്നു.

Post a Comment

0 Comments