കാഞ്ഞങ്ങാട്: പാര്‍ട്ടി നിക്ഷേപങ്ങള്‍ പരമാവധി പുതുതായി രൂപീകരിച്ച കേരള ബാങ്കിലേക്ക് എത്തിക്കാന്‍ സി. പി.എം. ഒരുങ്ങുന്നു. ഏപ്രില്‍ ഒന്നുമുതല്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ ജില്ലാ സെക്രട്ടറിമാര്‍ക്ക് അയച്ച ആഭ്യന്തര സര്‍ക്കുലറില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.
നവംബറില്‍ രൂപംകൊണ്ട കേരള ബാങ്കില്‍, മലപ്പുറം ഒഴികെയുള്ള 13 ജില്ലകളിലേയും സഹകരണ ബാങ്കുകള്‍ ഇതിനോടകം ലയിച്ചുകഴിഞ്ഞു. സി.പി.എമ്മിന്റെ 14 ജില്ലാ കമ്മിറ്റികളുടേയും ബാങ്ക് അക്കൗണ്ടുകള്‍ ഇപ്പോള്‍ ഷെഡ്യൂള്‍ഡ് ബാങ്കുകളിലും ദേശസാല്‍കൃത ബാങ്കുകളിലുമാണ്. ഇവ കേരള ബാങ്കിലേക്ക് മാറ്റാനാണ് ആലോചന.
സി.പി.എമ്മിന്റെ വര്‍ഗ്ഗബഹുജന സംഘടനകളുടെ അക്കൗണ്ടുകളും ഇത്തരത്തില്‍ കേരള ബാങ്കിലേക്ക് മാറ്റാന്‍ അതതു സംഘടനകളുടേയും ട്രേഡ് യൂണിയനുകളുടേയും നേതാക്കളോട് രഹസ്യ സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോടികളുടെ നിക്ഷേപമുള്ളതാണ് വര്ഗബഹുജനട്രേഡ് യൂണിയനുകളുടെ അക്കൗണ്ടുകള്‍. വന്‍തുകയുടെ ക്രയവിക്രയം നടക്കുന്ന കെട്ടിട നിര്‍മ്മാണ മേഖല, ഹെഡ്ലോഡ്, കള്ള് ചെത്ത് ക്ഷേമനിധി ബോര്‍ഡ് എന്നിവയുടെ ബാങ്ക് അക്കൗണ്ടുകള്‍ സഹകരണ മേഖലയിലല്ല.
കേരള ബാങ്കില്‍ ലയിക്കാതെ വിട്ടുനില്‍ക്കുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെതിരെ ജീവനക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
0 Comments