ഉദുമ സീറ്റില്‍ നോട്ടമിട്ട് രാഘവനും രമേശനും


കാഞ്ഞങ്ങാട്: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഉദുമ സീറ്റ് നോട്ടമിട്ട് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശനും മുന്‍ എസ്.എഫ്.ഐ നേതാവും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീലിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായ അതിയാമ്പൂരിലെ എം.രാഘവനും ചരട്‌വലിതുടങ്ങി.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്നുവന്ന ഇരുവരും എസ്എഫ്‌ഐയുടെ ജില്ലാ ഭാരവാഹികളായിരുന്നു. രാഘവന്‍ ജോലിസംബന്ധമായി സജീവരാഷ്ട്രീയത്തില്‍നിന്നും മാറിനിന്നുവെങ്കിലും ഇടതുപക്ഷസര്‍ക്കാര്‍ അധികാരത്തില്‍വരുമ്പോഴൊക്കെ മന്ത്രിമാരുടെയോ എം.എല്‍.എമാരുടെയോ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായി ഉന്നതനേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷററായിരുന്ന രമേശനും പാര്‍ട്ടി നേതൃത്വവുമായി അടുത്തബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ ഇരുവരും ഉദുമ സീറ്റിനുവേണ്ടി കടുത്ത മത്സരമാണ് നടത്തുന്നത്.
രമേശന് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി ഇ.പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള കണ്ണൂര്‍ ലോബിയുമായി ആത്മബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ ഇവരുടെ പിന്തുണ തനിക്ക് ലഭിക്കുമെന്നും അത് സ്ഥാനാര്‍ത്ഥിത്വത്തിന് ഗുണകരമാവുമെന്നും രമേശന്‍ കണക്കുകൂട്ടുന്നുണ്ട്.
വര്‍ഷങ്ങളോളമായി തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എം.രാഘവന് പാര്‍ട്ടി സെക്രട്ടറിയേറ്റിനകത്ത് കാര്യമായ സ്വാധീനമുണ്ട്. ഇത് തനിക്ക് തുണയാവുമെന്നാണ് രാഘവന്റെ പ്രതീക്ഷ. യാദവവിഭാഗത്തിന് മുന്‍തൂക്കമുള്ള ഉദുമയില്‍ ആസമുദായത്തില്‍നിന്നുള്ള ഒരാള്‍ സ്ഥാനാര്‍ത്ഥിയാവണമെന്നാണ് ഇപ്പോഴത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ സിപിഎം നേതൃത്വം വിലയിരുത്തുന്നത്. കല്ല്യോട്ടെ ഇരട്ടക്കൊലയിലൂടെ മണ്ഡലത്തില്‍ പാര്‍ട്ടിക്കുണ്ടാക്കിയിരിക്കുന്ന ക്ഷീണം മാറ്റാനും വോട്ടുബാങ്കുകളെ ഏകോപിപ്പിക്കാനും യാദവ സ്ഥാനാര്‍ത്ഥി അനിവാര്യമാണെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. രമേശനും രാഘവനും യാദവ സമുദായക്കാരായതുകൊണ്ടുതന്നെ ഇവരില്‍ ആരെ തള്ളണം ആരെകൊള്ളണം എന്നതും നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. കല്ല്യോട്ട് ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ കല്ല്യോട്ട് നടന്ന പെരുങ്കളിയാട്ട മഹോത്സവത്തില്‍ നിന്നും എം.എല്‍.എ ഉള്‍പ്പെടെയുള്ള പാര്‍ട്ടിനേതാക്കള്‍ക്ക് കാര്യമായ പരിഗണന സംഘാടകര്‍ നല്‍കിയിരുന്നില്ല. എന്നാല്‍ എം.രാഘവന്‍ ക്ഷേത്രത്തിലെത്തുകയും അന്നദാനത്തിനുള്ള അരി സംഭാവനയായി നല്‍കുകയും ചെയ്തിരുന്നു. അന്ന് പെരുങ്കളിയാട്ടത്തിലേക്ക് ക്ഷണപത്രം നല്‍കിയാണ് ഉത്സവാഘോഷകമ്മറ്റി ഭാരവാഹികള്‍ രാഘവനെ വരവേറ്റത്. അന്ന് ക്ഷേത്രഭാരവാഹികളുംമറ്റുമായി നല്ലബന്ധമുണ്ടാക്കിയാണ് രാഘവന്‍ മടങ്ങിയത്. ഉദുമ സീറ്റ് ലക്ഷ്യംവെച്ചാണ് രാഘവന്‍ കല്യോട്ട് എത്തിയതെന്ന് അന്നേ ചര്‍ച്ച ഉണ്ടായിരുന്നു. കാഞ്ഞങ്ങാട് നഗരസഭയിലെ വികസനനേട്ടങ്ങളും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വിജയകരമായ സംഘാടനവും ഉയര്‍ത്തികാട്ടി ഉദുമയില്‍ സീറ്റ് ഉറപ്പിക്കാമെന്നാണ് രമേശനും കണക്കുകൂട്ടുന്നത്.
സീറ്റിനായി ഇരുവരും സമ്മര്‍ദ്ദം ശക്തമാക്കിയാല്‍ പാര്‍ട്ടിക്ക് മറ്റൊരു ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ടിവരും. അങ്ങനെയെങ്കില്‍ പാര്‍ട്ടി സംസ്ഥാനകമ്മറ്റിയംഗവും മുന്‍ എം.എല്‍.എയുമായ കെ.പി.സതീഷ്ചന്ദ്രന്റെ പേരിനായിരിക്കും മുന്തിയപരിഗണന ഉണ്ടാവുക. മണ്ഡലത്തിലെ പ്രബലമായ നായര്‍ തറവാടുകളുടെ പിന്തുണ സതീഷ്ചന്ദ്രന് ഉണ്ടാവുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.

Post a Comment

0 Comments