മനുഷ്യന്റെ നിലനില്‍പ്പിന് കാര്‍ഷിക സംസ്‌കാരം അനിവാര്യം-സന്തോഷ് ഏച്ചിക്കാനം


നീലേശ്വരം: മനുഷ്യന്റെ നിലനില്‍പ്പിന് കാര്‍ഷികവൃത്തി അനിവാര്യമാണെന്ന് തിരക്കഥാകൃത്തും സാഹിത്യകാരനുമായ സന്തോഷ് ഏച്ചിക്കാനം അഭിപ്രായപ്പെട്ടു.
ആക്ട് നീലേശ്വരം ഏര്‍പ്പെടുത്തിയ സമഗ്രസംഭാവന പുരസ്‌കാരം കര്‍ഷകനായ എന്‍.വി.ജനാര്‍ദ്ദനന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ നിലനില്‍പ്പുതന്നെ കൃഷിയെ അടിസ്ഥാനപ്പെടുത്തിയാണെന്നും എന്നാല്‍ കൃഷിഭൂമികളെ വില്‍പ്പനചരക്കാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പത്മപ്രഭ പുരസ്‌കാരം നേടിയ സന്തോഷ് ഏച്ചിക്കാനത്ത് പി.കെ.ചന്ദ്രശേഖരന്‍ ഉപഹാരം നല്‍കി.
കൊറോണയും നിപയും പോലുള്ള വൈറസ് രോഗങ്ങളേക്കാള്‍ കൃത്രിമ ആഹാരപദാര്‍ത്ഥങ്ങളാണ് മനുഷ്യശരീരത്തിന് ഹാനി ഉണ്ടാക്കുന്നതെന്ന് സന്തോഷ് പറഞ്ഞു.
ചടങ്ങില്‍ പി.കെ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. പി.ജയരാജന്‍, ഉണ്ണികൃഷ്ണന്‍, സേതുബങ്കളം, സന്ധ്യമിഥുന്‍ എന്നിവര്‍ സംസാരിച്ചു. കെ.പി.ശശികുമാര്‍ സ്വാഗതവും മനോജ് മേലത്ത് നന്ദിയും പറഞ്ഞു.

Post a Comment

0 Comments