നവ്യയുടെ മരണം: കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും


കാഞ്ഞങ്ങാട്: മാവുങ്കാല്‍ കാട്ടുകുളങ്കരയിലെ പ്രകാശിന്റെ മകളും ഹൊസ്ദുര്‍ഗ് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുമായ നവ്യയുടെ (17) ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് അടുത്തദിവസം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ആത്മഹത്യാസംഭവത്തില്‍ സ്വഭാവിക മരണത്തിനാണ് പോലീസ് കേസെടുത്ത് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. എന്നാല്‍ നവ്യയുടെ ആത്മഹത്യക്ക് കാരണം കാമുകനായ യുവാവ് നിരന്തരം ശല്ല്യപ്പെടുത്തിയത് കൊണ്ടാണെന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ കാമുകനായ കാട്ടുകുളങ്ങരയിലെ അഭിജിത്തിനെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തി കേസെടുക്കുന്നതിനുള്ള അനുമതി തേടിക്കൊണ്ടാണ് പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുക.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് നവ്യയെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ മുറിയില്‍ നിന്നും 'എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല' എന്നു വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. എന്നാല്‍ വീടിനടുത്തുള്ള കാട്ടുകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപന ദിവസമായ ശനിയാഴ്ച നവ്യയും കാമുകനായ അഭിജിത്തും തമ്മില്‍ വാക്കേറ്റം നടത്തുകയും ഇതിനിടയില്‍ അഭിജിത്ത് രണ്ടുതവണ നവ്യയുടെ മുഖത്തടിക്കുകയും മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി എറിഞ്ഞുടക്കുകയും ചെയ്തിരുന്നു. തന്നെ മര്‍ദ്ദിച്ച വിവരം നവ്യ ക്ഷേത്രപരിസരത്തുണ്ടായിരുന്ന സഹോദരിയെയും അറിയിച്ചിരുന്നു.
ഇക്കാര്യം അച്ഛനോട് പറയട്ടെയെന്ന് ചോദിച്ചപ്പോള്‍ താന്‍ പറഞ്ഞുകൊള്ളാമെന്നും തനിക്ക് തലവേദന യാണെന്നും പറഞ്ഞാണ് നവ്യ വീട്ടിലേക്ക് പോയത്. പരിസരവാസിയായ ബന്ധുവായ യുവാവാണ് നവ്യയെ ബൈക്കില്‍ വീട്ടിലെത്തിച്ചത്. പിന്നാലെ 3.30 മണിയോടെ മൂത്തസഹോദരി വീട്ടിലെത്തിയപ്പോഴാണ് നവ്യ കഴുക്കോലില്‍ തൂങ്ങിപിടയുന്നത് കണ്ടത്. പെട്ടെന്ന് തന്നെ ഷാള്‍ മുറിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കോടതിയുടെ അനുമതി ലഭിച്ചയുടന്‍ അഭിജിത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഹോസ്ദുര്‍ഗ് സ്റ്റേഷനിലെ എസ്.ഐ ലീലയുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തുന്നത്.

Post a Comment

0 Comments