കുരുക്കിലായ ഇബ്രാഹിംകുഞ്ഞി അന്വേഷണവുമായി സഹകരിക്കുമെന്ന്


കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് നോട്ടീസ് ലഭിച്ചതായും അന്വേഷണവുമായി സഹകരിക്കുമെന്നും മുന്‍മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ ഇബ്രാഹിം കുഞ്ഞ്. 'ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്. അന്വേഷണവുമായി ഇത്തവണയും സഹകരിക്കും. കേസിന്റെ അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാന്‍ ഇല്ല'. മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച 11 മണിക്ക് തിരുവനന്തപുരം പൂജപ്പുര വിജിലന്‍സ് ഓഫീസില്‍ ഹാജരാകാനാണ് ഇബ്രാഹിം കുഞ്ഞിന് നോട്ടീസ് ലഭിച്ചത്. ഗവര്‍ണര്‍ അനുമതി നല്‍കിയ ശേഷമുള്ള ചോദ്യം ചെയ്യലിന് വേണ്ടിയാണ് ഇബ്രാഹിം കുഞ്ഞിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗവര്‍ണറുടെ അനുമതി ലഭിച്ചതോടെ അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ വിജിലന്‍സ് ഊര്‍ജ്ജിതമാക്കിയിരുന്നു. നേരത്തെ പാലാരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ട് ഇബ്രാഹിംകുഞ്ഞിനെ ഒരു പ്രാവശ്യം കൊച്ചിയില്‍ വെച്ച് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നുളള അന്വേഷണത്തിലാണ് പാലം നിര്‍മ്മാണത്തിന്റെ കരാര്‍ എടുത്ത ആര്‍ഡിഎസ് കമ്പനിക്ക് ഇബ്രാഹിം കുഞ്ഞ് സഹായം നല്‍കിയതിന്റെ വ്യക്തമായ രേഖകള്‍ വിജിലന്‍സിന് ലഭിച്ചത്.
പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ കരാറിന് വിരുദ്ധമായി 8.25 കോടി രൂപ കരാര്‍ കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ടിന് അനുവദിച്ചതിലും അതിന് പലിശ ഇളവ് അനുവദിക്കാന്‍ നിര്‍ദ്ദേശിച്ചതിലും ഇബ്രാഹിം കുഞ്ഞിന് വ്യക്തമായ പങ്കുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജ്, കരാര്‍ കമ്പനി ഉടമ സുമിത് ഗോയല്‍ അടക്കമുള്ളവരുടെ മൊഴികളും, പൊതുമരാമത്ത് മന്ത്രി ആയിരിക്കെ ഇബ്രാഹിം കുഞ്ഞ് ഒപ്പിട്ടയച്ച ഫയലുകളുമാണ് തെളിവായി വിജിലന്‍സ് ശേഖരിച്ചിട്ടുള്ളത്.

Post a Comment

0 Comments