ബേക്കലില്‍ അനധികൃത കെട്ടിടങ്ങള്‍ പെരുകുന്നു


ഉദുമ: ലോക ടൂറിസം ഭൂപടത്തില്‍ ഇടംതേടിയ ബേക്കല്‍കോട്ടയോടനുബന്ധിച്ച് അനധികൃത കെട്ടിടങ്ങള്‍ പെരുകിവരുന്നു.
ഉദുമ, പള്ളിക്കര പഞ്ചായത്തുകളിലാണ് ഇത്തരത്തില്‍ അനധികൃത കെട്ടിടങ്ങള്‍ പെരുകിവരുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ഇല്ലാതെ നിര്‍മ്മിച്ചുവരുന്ന കെട്ടിടങ്ങളുടെ നികുതി ഈടാക്കുന്നതിലും നടപടി എടുക്കുന്നതിലും അലംഭാവം കാണിക്കുന്നതായും പരാതിയുണ്ട്. ഇത്തരം ആക്ഷേപം ഉയര്‍ന്നുവന്ന കെട്ടിടങ്ങളുടെയൊന്നും രേഖകള്‍ കാണാനില്ലെന്ന് ഔദ്യോഗിക വെളിപ്പെടുത്തലും പുറത്തുവന്നു. വിവരാവകാശ പ്രകാരം നല്‍കിയ ചോദ്യങ്ങള്‍ക്കാണ് കെട്ടിടങ്ങളുടെ രേഖകള്‍ കാണാനില്ലെന്നും ഫയലുകള്‍ കാണാനില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ മറുപടി നല്‍കിയിരിക്കുന്നത്. ഉദുമ പള്ളത്തും മാങ്ങാടും സ്വകാര്യ വ്യക്തി പണിതുയര്‍ത്തിയ ബഹുനില മാളികയുടെ വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രേഖകള്‍ കാണാനില്ലെന്ന് മറുപടി നല്‍കിയത്. കെട്ടിടത്തിന് അനുമതി ലഭിക്കുന്നതിനായി ഹാജരാക്കിയ പ്ലാന്‍, സൈറ്റ് പ്ലാന്‍, കെട്ടിടം ആരുടെ പേരിലാണ് തുടങ്ങിയ ചോദ്യങ്ങളാണ് വിവരാവകാശ പ്രവര്‍ത്തകന്‍ ചോദിച്ചിരുന്നത്. ഇതിനുള്ള മറുപടിയില്‍ കെട്ടിടത്തിനിടെ നമ്പറും ഉടമയുടെ പേരും മാത്രമാണ് സെക്രട്ടറി നല്‍കിയത്. മറ്റുള്ള വിവരങ്ങള്‍ ഓഫീസിലെ അസസ്‌മെന്റ് രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ കാണാനില്ലെന്നായിരുന്നു വിവരം നല്‍കിയത്. മാങ്ങാട് കെട്ടിടത്തിന് 2012 മുതല്‍ 2019 വരെ 3333 രൂപ നികുതി അടച്ചിട്ടുണ്ടെന്നും സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ഫയല്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ മറ്റു വിവരങ്ങളൊന്നും നല്‍കാന്‍ നിര്‍വ്വാഹമില്ലെന്നും അറിയിച്ചു. അതേസമയം നികുതി ഇനത്തില്‍ ലക്ഷങ്ങളുടെ തിരിമറിയാണ് നടന്നിരിക്കുന്നതെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ മാങ്ങാട്ടെ എം.ബാവക്കുഞ്ഞി പറയുന്നു. മൂന്ന് നില കെട്ടിടത്തിന് പ്രതിവര്‍ഷം ചുരുങ്ങിയത് അമ്പതിനായിരം രൂപയെങ്കിലും നികുതി അടക്കണമെന്നിരിക്കെ മൂവ്വായിരത്തിലധികം രൂപ മാത്രം അടച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ നിന്ന് എത്ര അകലം പാലിച്ചുകൊണ്ടാണ് കെട്ടിടം പണിതതെന്ന ചോദ്യത്തിനും ഇതിന്റെ രേഖകളും ഓഫീസില്‍ കാണാനില്ലെന്ന മറുപടി നല്‍കിയ വിവരാവകാശ ഓഫീസര്‍ ഷോപ്പ് മുറിയായി ഉപയോഗിക്കുന്നതിനാണ് കെട്ടിടം പണിതതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പള്ളം കെട്ടിടത്തില്‍ എത്ര നിലയുള്ള കെട്ടിടം പണിയാനാണ് അനുമതി നല്‍കിയത് എന്ന ചോദ്യത്തിനും മറുപടി നല്‍കിയിട്ടില്ല. ഇതേ തുടര്‍ന്ന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കിയിരിക്കുകയാണ് മാങ്ങാട് സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍. അതിനിടെ ഇംഗ്‌ളീഷില്‍ കത്തെഴുതി ചോദിച്ചത് കൊണ്ട് മറുപടി തരാതിരുന്ന സംഭവവും ഉണ്ടായിട്ടുണ്ടെന്ന് പരാതിയുണ്ട്.
ഇതോടൊപ്പം തീരപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ലീസിനത്തില്‍ കോടികള്‍ സര്‍ക്കാരിലേക്ക് അടക്കാന്‍ ബാക്കിയുണ്ട്. എന്നാല്‍ ഇവയൊന്നും ഈടാക്കുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലത്രെ.

Post a Comment

0 Comments