രാജപുരം: പനത്തടി അമ്പതേക്കറയിലെ വീട്ടില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിയിറച്ചി പിടികൂടി.
ഡി.ജെ.ജെയിംസിന്റെ വീട്ടില്‍ നിന്നുമാണ് മൂന്ന് കിലോ തൂക്കംവരുന്ന വേവിച്ചതും പച്ചയുമായ മലാന് ഇറച്ചി കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ പി.സതീശനും സംഘവും പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകീട്ട് വീട്ടില്‍ റെയ്ഡ് നടത്തിയാണ് ഇറച്ചി പിടികൂടിയത്. ഫോറസ്റ്റ് അധികൃതര്‍ വരുന്നത് കണ്ട് ജെയിംസ് വീട്ടില്‍ നിന്നും ഓടിരക്ഷപ്പെട്ടു.
ഫോറസ്റ്റ് സംഘം എത്തുമ്പോള്‍ വീട്ടില്‍ ജെയിംസിന്റെ കുട്ടികള്മാത്രമാണുണ്ടായിരുന്നത്. കഴിഞ്ഞദിവസം രാത്രി ആരോഒരാള്‍ ഇറച്ചി വീട്ടില്‍ എത്തിക്കുകയായിരുന്നുവെന്ന് കുട്ടികള്‍ മൊഴിനല്‍കി. മലയോരം കേന്ദ്രീകരിച്ച് നായാട്ട് വ്യാപകമായിരിക്കുകയാണ്. ഏതാനും ആഴ്ചമുമ്പാണ് റാണിപുരത്ത് കാട്ടുപോത്തിനെ വെടിവെച്ചുകൊന്ന് ഇറച്ചിശേഖരിച്ചശേഷം അവശിഷ്ടങ്ങള്‍ കത്തിച്ചുകളഞ്ഞ സംഭവം ഉണ്ടായത്. ഈ കേസില്‍ പ്രതികളെ ഇതുവരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ജെയിംസിന്റെ വീട്ടില്‍ നിന്നും വെടിയിറച്ചി പിടികൂടിയ ഫോറസ്റ്റ് റെയ്ഞ്ചര്ക്കൊപ്പം സെക്ഷന്‍ ഓഫീസര്‍ ടി.പ്രഭാകരന്, വിനോദ്കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ രാഹുല്‍, അഭിജിത്ത്, പുഷ്പാവതി, അനശ്വര, ഡ്രൈവര്‍ ഗിരീഷ് എന്നിവരും ഉണ്ടായിരുന്നു.
0 Comments