തദ്ദേശ തിരഞ്ഞെടുപ്പ്: നീലേശ്വരത്തും കാഞ്ഞങ്ങാട്ടും ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ചര്‍ച്ച


കാഞ്ഞങ്ങാട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സിപിഎമ്മില്‍ സ്ഥാനാര്‍ത്ഥി അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങി.
ഭരണം നിലനിര്‍ത്താമെന്ന് കരുതുന്ന കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളില്‍ ഇത്തവണ സ്ത്രീ സംവരണമാകുമ്പോള്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ആരെ സ്ഥാര്‍ത്ഥികളാക്കണമെന്നതാണ് പാര്‍ട്ടിയില്‍ ചര്‍ച്ച. രണ്ടിടത്തും കഴിവുറ്റവരെ തന്നെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് അണികള്‍ക്കിടയില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
കാഞ്ഞങ്ങാട്ട് വി.വി.പ്രസന്നകുമാരി, മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി.വി രമേശന്റേ ഭാര്യ അനിത, അഡ്വ.രേണുകതങ്കച്ചി എന്നീപേരുകള്‍ക്കാണ് മുന്‍ഗണന. ആന്തൂരില്‍ എം.വി.ഗോവിന്ദന്‍മാസ്റ്ററുടെ ഭാര്യയും മട്ടന്നൂരില്‍ മന്ത്രി കെ.കെ.ശൈലജയുടെ ഭര്‍ത്താവ് ഭാസ്‌ക്കരന്‍ മാസ്റ്ററും നഗരസഭാ ഭരണചക്രം തിരിക്കുന്നവരാണ്. അതുകൊണ്ട് തനിക്ക്‌ശേഷം നഗരസഭയുടെ ഭരണം ഭാര്യ അനിതയെ ഏല്‍പ്പിച്ചാല്‍ പിന്‍സീറ്റ് ഡ്രൈവിംഗ് നടത്താമെന്ന കണക്കുകൂട്ടലിലാണ് വി.വി.രമേശന്‍. മന്ത്രി ഇ.പി.ജയരാജനിലും കോടിയേരി ബാലകൃഷ്ണനിലും മുഖ്യമന്ത്രി പിണറായി വിജയനിലും ഇതിനുവേണ്ടി സമ്മര്‍ദ്ദം തുടങ്ങിയെന്നാണ് സൂചന. നേരത്തെ രമേശന്റെ ഭാര്യ മുന്‍ വ്യവസായ വകുപ്പ് മന്ത്രി എളമരം കരീമിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു. ഇതുകൊണ്ടുതന്നെ രമേശനെ പോലെ അനിതയ്ക്കും രാഷ്ട്രീയ നേതാക്കളുമായി നല്ലബന്ധമുണ്ട്. മുന്‍ ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥയും മുതിര്‍ന്ന മഹിളാ നേതാവുമായ വി.വി.പ്രസന്നകുമാരിയുടെ പേരും ഒരുവിഭാഗം ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ഉയര്‍ത്തികൊണ്ടുവന്നിട്ടുണ്ട്. അഭിഭാഷകയും പാര്‍ട്ടി ലോക്കല്‍കമ്മറ്റി അംഗവുമായ രേണുക തങ്കച്ചിയുടെ പേരും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.
നീലേശ്വരത്ത് മുന്‍കൗണ്‍സിലര്‍ പാലായിയിലെ ടി.പി.ലത, മുന്‍ ജില്ല എംപ്ലോയ്‌മെന്റ് ഓഫീസര്‍ കണിച്ചിറയിലെ രമാവതി, കെ.പി.സതീഷ്ചന്ദ്രന്റെ ഭാര്യ സതി ഇപ്പോഴത്തെ വൈസ്‌ചെയര്‍പേഴ്‌സണും മുന്‍ ചെയര്‍പേഴ്‌സണുമായ വി.ഗൗരി എന്നീപേരുകളുമാണ് പാര്‍ട്ടിയുടെ പരിഗണനാലിസ്റ്റിലുള്ളത്. മുന്‍ ഡിവൈഎഫ്‌ഐ നേതാവും അര്‍ബന്‍ ബാങ്ക് ജനറല്‍ മാനേജറുമായ പി.രാജീവന്റെ ഭാര്യയാണ് ലത. കൗണ്‍സിലറായിരിക്കെ മികച്ച പ്രവര്‍ത്തനമാണ് ലത കാഴ്ചവെച്ചിരുന്നത്. അതുകൊണ്ടുതന്നെ ലതയുടെ പേരിനാണ് പ്രഥമ പരിഗണനയുള്ളത്.
സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശേഷം രമാവതി പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. മികച്ച ഉദ്യോഗസ്ഥയായി അറിയപ്പെട്ടിരുന്ന രമാവതിയെ നീലേശ്വരം നഗരസഭയുടെ പ്രഥമ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും സര്‍വ്വീസില്‍ ഉണ്ടായിരുന്നതിനാല്‍ അവര്‍ ഈ ആവശ്യം നിരസിക്കുകയായിരുന്നു. ഒരുവട്ടം ചെയര്‍പേഴ്‌സണ്‍ രണ്ടാംവട്ടം വൈസ് ചെയര്‍പേഴ്‌സണ്‍ എന്നീ നിലകളിലുള്ള പ്രവര്‍ത്തനമാണ് ഗൗരിയുടെ പേരും ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.

Post a Comment

0 Comments