നവ്യയുടെ ആത്മഹത്യ: കാമുകന്‍ മുങ്ങി; നിരവധി മൊബൈല്‍ഫോണുകള്‍ പിടിച്ചെടുത്തു


മാവുങ്കാല്‍: തൈക്വാന്‍ഡോ ദേശീയ താരമായ ഹൊസ്ദുര്‍ഗ് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ മെട്ടമ്മല്‍ പ്രകാശന്റെ മകള്‍ നവ്യ ആത്മഹത്യചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ കാമുകന്‍ നാട്ടില്‍ നിന്ന് മുങ്ങി.
കാമുകനായ കാട്ടുകുളങ്ങരയിലെ അഭിജിത്താണ് സംഭവത്തെ തുടര്‍ന്ന് നാട്ടില്‍ നിന്ന് മുങ്ങിയത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് 5 മണിയോടെയാണ് നവ്യയെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. നവ്യയുടെ ആത്മഹത്യക്ക് കാരണം കാമുകനായ അഭിജിത്തിന്റെ നിരന്തരമായ ശല്ല്യപ്പെടുത്തലാണെന്ന് സഹപാഠികളും സുഹൃത്തുക്കളും പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. ഹോസ്ദുര്‍ഗ് സ്റ്റേഷനിലെ വനിതാ എസ്.ഐ പി.ലീലയുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.
ശനിയാഴ്ച ഉത്സവം നടന്ന കാട്ടുകുളങ്ങര ക്ഷേത്ര പരിസരത്തുവെച്ച് നവ്യയും അഭിജിത്തും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. തുടര്‍ന്ന് 'ഞാന്‍ വിളിച്ചാല്‍ എന്തേ ഫോണെടുക്കാത്തതെന്ന്' ആക്രാശിച്ച് നവ്യയെ അഭിജിത്ത് മര്‍ദ്ദിച്ചു. ഇതിനിടയില്‍ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് എറിഞ്ഞുടച്ചു.
ഇക്കാര്യങ്ങള്‍ നവ്യയുടെ സുഹൃത്തുക്കള്‍ പോലീസിനോട് പറഞ്ഞു. അഭിജിത്തിന്റെ ഏതാനും സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്യുകയും ഇവരുടെ മൊബൈല്‍ഫോണുകള്‍ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. നവ്യയും അഭിജിത്തും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു. ഇത് മാതാപിതാക്കള്‍ക്കറിയാം. അംഗീകരിക്കപ്പെട്ട പ്രണയമെന്ന നിലയില്‍ നവ്യയില്‍ അഭിജിത്ത് വല്ലാ ത്ത അധികാരങ്ങള്‍ പ്രയോഗിച്ചിരുന്നു. ഇതും അഭിജിത്തിന്റെ സ്വഭാവവും നവ്യ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞിരുന്നു. നവ്യ പ്രണയത്തില്‍ നിന്നും പിന്മാറാന്‍ ശ്രമം തുടങ്ങിയിരുന്നു. ഇതാണ് അഭിജിത്തിനെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്. സ്‌കൂളിലേക്ക് പോകുമ്പോഴും തിരിച്ചുവരുമ്പോഴും നിരന്തരം പിന്നാലെ ചെന്ന് നവ്യയെ ശല്ല്യപ്പെടുത്താറുണ്ടെന്ന് സഹപാഠികളും മൊഴിനല്‍കിയിട്ടുണ്ട്.
അസ്വഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. സഹപാഠികളുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തശേഷം അഭിജിത്തിനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

Post a Comment

0 Comments