വെള്ളരിക്കുണ്ട് ആര്‍.ടി.ഒ ഓഫീസ് പരപ്പയില്‍തന്നെ


പരപ്പ: ഏറെ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ച വെള്ളരിക്കുണ്ട് ആര്‍ടിഒ ഓഫീസ് ഒടുവില്‍ പരപ്പയില്‍തന്നെ സ്ഥാപിക്കുമെന്ന് ഉറപ്പായി.
പരപ്പ പുലിയംകുളത്ത് 3.3 ഏക്കര്‍ സ്ഥലം വെള്ളരിക്കുണ്ട് ജോയിന്റ് ആര്‍ടിഒ ഓഫീസിനായി മോട്ടോര്‍വാഹന വകുപ്പിന് അനുവദിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പ്രഖ്യാപിച്ചു. വെള്ളരിക്കുണ്ട് ജോയിന്റ് ആര്‍ടിഒ ഓഫീസിന് കീഴില്‍ കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റിംഗ് സ്റ്റേഷനും ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കും സ്ഥാപിക്കുന്നതിന് അനുകൂലമായി ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇന്നലെ ബേളയില്‍ കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്ക്, കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷന്‍ എന്നിവയുടെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ചന്ദ്രശേഖരന്‍ വെള്ളരിക്കുണ്ട് ആര്‍ടിഒ ഓഫീസിന് പരപ്പയില്‍ സ്ഥലം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്.
സ്ഥലം നല്‍കുമെന്ന് റവന്യൂമന്ത്രി ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ ഒരുവര്‍ഷത്തിനകം കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റിംഗ് സ്റ്റേഷനും ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കും യാഥാര്‍ത്ഥ്യമാക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രിയും ഉറപ്പുനല്‍കി. ഇതോടെ ആര്‍.ടി.ഒ ഓഫീസ് പരപ്പയില്‍തന്നെ സ്ഥാപിക്കുമെന്ന് ഉറപ്പായി. വെള്ളരിക്കുണ്ട് ജോയിന്റ് ആര്‍.ടി.ഒ ഓഫീസിനുവേണ്ടി വെള്ളരിക്കുണ്ടിലും പരപ്പയിലും പിടിവലി നടന്നിരുന്നു. ഇതിനായി രാഷ്ട്രീയപാര്‍ട്ടികളും ചേരിതിരിഞ്ഞു. ഒടുവില്‍ ഒത്തുതീര്‍പ്പെന്നനിലയില്‍ ആര്‍.ടി.ഒ ഓഫീസ് പരപ്പയിലും ടെസ്റ്റിംഗ് ഗ്രൗണ്ട് പരപ്പ പുലിയംകുളത്തും സ്ഥാപിക്കാനായിരുന്നു ധാരണയായത്. ഈ ധാരണകള്‍ അട്ടിമറിച്ചുകൊണ്ടാണ് രണ്ടും പരപ്പയില്‍തന്നെ സ്ഥാപിക്കുമെന്ന് ഉറപ്പായത്.

Post a Comment

0 Comments