വ്യാപാരികള്‍ക്ക് നഗരസഭാ ആരോഗ്യവകുപ്പിന്റെ പീഡനം


നീലേശ്വരം: പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ പേരില്‍ നീലേശ്വരം നഗരസഭാ ആരോഗ്യവകുപ്പ് അധികൃതര്‍ വ്യാപാരികളെ പീഡിപ്പിക്കുന്നതായി പരാതി.
കടകളില്‍ നിരന്തരം കയറിയിറങ്ങി പഴയപ്ലാസ്റ്റിക്കുകള്‍ ഉള്‍പ്പെടെ പിടികൂടിയാണ് വ്യാപാരികളെ പീഡിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഐസ്‌ക്രീം പാര്‍ലറുകള്‍, പഴം, പച്ചക്കറി കടകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന നടത്തുകയുണ്ടായി.
ഇതിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിലെ ടി.അബ്ദുള്‍ റസാഖിന്റെ ഉടമസ്ഥതയിലുള്ള ടി.എ.ആര്‍ ബനാന സ്ഥാപനത്തില്‍ നിന്നും പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ ഡിസ്‌പോസിബിള്‍ പ്ലേറ്റ്, ഗ്ലാസ്, പ്ലാസ്റ്റിക്ക് ഗ്ലാസ്, ഐസ്‌ക്രീം കപ്പുകള്‍ എന്നിവ പിടികൂടി. മൂന്ന് മുറികളിലായി സൂക്ഷിച്ച സാധനങ്ങളാണ് പിടികൂടിയത്. റസാഖിന് മടിക്കൈ ബങ്കളത്ത് നേരത്തെ പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറി ഉണ്ടായിരുന്നു. ഇവിടെ നിര്‍മ്മിച്ച സാധനങ്ങള്‍ നീലേശ്വരത്തെ കടമുറികളില്‍ സൂക്ഷിച്ചാണ് വിതരണം ചെയ്തിരുന്നത്. നിരോധനത്തിന് മുമ്പ് നിര്‍മ്മിച്ച് വില്‍പ്പനക്കായി സൂക്ഷിച്ചുവെച്ച ഉല്‍പ്പന്നങ്ങളാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. തുടര്‍ന്ന് ഇയാള്‍ക്ക് നോട്ടീസ് പോലും നല്‍കാതെ 24 മണിക്കൂറിനകം പതിനായിരം രൂപ ഫൈന്‍ അടക്കണമെന്ന് നിര്‍ദ്ദേശവും നല്‍കി. 24 മണിക്കൂര്‍ തികയും മുമ്പേ വീണ്ടും സ്ഥാപനത്തില്‍ റെയ്ഡ് നടത്തുകയുണ്ടായി. ഇതേപോലെ വിവിധ കടകളില്‍ പ്ലാസ്റ്റിക്ക് റെയ്ഡിന്റെ പേരില്‍ ആരോഗ്യ വകുപ്പ് റെയ്ഡ് നടത്തി വ്യാപാരികളെ ദ്രോഹിക്കുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റപ്പെടുത്തി.
അതേസമയം റോഡരികില്‍ ഓട്ടോറിക്ഷകളിലും മറ്റും പഴംപച്ചക്കറികള്‍ ഉള്‍പ്പെടെ വില്‍പ്പന നടത്തുന്ന അനധികൃത കച്ചവടക്കാര്‍ പരസ്യമായി പ്ലാസ്റ്റിക്ക് കവറുകള്‍ തൂക്കിയിട്ട് കച്ചവടം നടത്തുമ്പോള്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. പ്ലാസ്റ്റിക്ക് കവറുകള്‍ തൂക്കിയിട്ട് നടത്തുന്ന വഴിയോരകച്ചവട സ്ഥാപനങ്ങള്‍ക്ക് മുന്നിലൂടെ നഗരസഭാ ആരോഗ്യവകുപ്പ് അധികൃതര്‍ പലവട്ടം കടന്നുപോകുന്നുണ്ടെങ്കിലും ഇവിടേക്ക് തിരിഞ്ഞുനോക്കുകപോലും ചെയ്യാറില്ലത്രെ. ഇതില്‍ ദുരൂഹതയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. ആരോഗ്യവകുപ്പിന്റെ പീഡനങ്ങള്‍ക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ കഴിഞ്ഞ ദിവസം നഗരസഭാചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജനെ നേരിട്ട് കണ്ട് പരാതി ബോധിപ്പിച്ചു. ഇക്കാര്യത്തില്‍ ആലോചിച്ച് നടപടിയെടുക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും എന്നാല്‍ തുടര്‍ന്നും പ്രതികാര നടപടികള്‍ തുടരാനാണ് ഭാവമെങ്കില്‍ കടകള്‍ അടച്ചിട്ടുകൊണ്ടുള്ള പ്രത്യക്ഷ സമരപരിപാടികള്‍ക്ക് വ്യാപാരികള്‍ നിര്‍ബന്ധിതമാകേണ്ടിവരുമെന്നും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് കെ.വി.സുരേഷ്‌കുമാര്‍ മുന്നറിയിപ്പ് നല്‍കി.

Post a Comment

0 Comments