പൗരത്വ ബില്ലിനെ എതിര്‍ക്കുന്ന മുഖ്യമന്ത്രിമാരെ ചാക്കിലാക്കാന്‍ നീക്കം


ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്ററുമായി സഹകരിക്കാത്ത കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ കൂടെനിര്‍ത്താന്‍ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. എതിര്‍പ്പ് ഉന്നയിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അനുനയ ചര്‍ച്ച നടത്താന്‍ ഉന്നത ഉദ്യോഗസ്ഥരെ ചുമതപ്പെടുത്താനാണ് മോദി സര്‍ക്കാരിന്റെ പദ്ധതി.
പദ്ധതിയുടെ ആദ്യപടിയെന്ന നിലയില്‍ കേന്ദ്ര സെന്‍സസ് കമ്മീഷണറായ വിവേക് ജോഷി കഴിഞ്ഞ ദിവസം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് നിയമസഭയില്‍ പ്രമേയം പാസാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. ഇന്ത്യയൊട്ടാകെ നടക്കുന്ന സെന്‍സസിനും ദേശീയ പൗരത്വ രജിസ്റ്ററിനും നേതൃത്വം നല്‍കുന്നത് ദേശീയ സെന്‍സസ് കമ്മീഷണറാണ്. അതിനാലാണ് ജോഷിയെത്തന്നെ കേന്ദ്രസര്‍ക്കാര്‍ ഈ ദൗത്യത്തിന് തിരഞ്ഞെടുത്തത്.
എന്‍.പി.ആര്‍ നടപ്പാക്കില്ലെന്ന് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയോടെ നിയമസഭയില്‍ പ്രമേയം പാസാക്കിയത് കേരളമായിരുന്നു. കേരളത്തെകൂടാതെ ബി.ജെ.പി ഇതര ഭരണമുള്ള പശ്ചിമബംഗാള്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, പഞ്ചാബ്, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലും എന്‍.പി.ആറിനെതിരെ പ്രമേയം പാസാക്കിയിരുന്നു.

Post a Comment

0 Comments