കാഞ്ഞങ്ങാട്ടും കൊറോണ


കാഞ്ഞങ്ങാട്: കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചു. വുഹാനില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി നിയമസഭയില്‍ പ്രത്യേക പ്രസ്താവനയില്‍ വ്യക്തമാക്കി.
കേരളത്തില്‍ കൂടുതല്‍ വൈറസ് ബാധ കേസുകള്‍ ഇനിയും വരാന്‍ സാധ്യതയുണ്ട്
പൂനെ വൈറോളജി ലാബില്‍ നിന്നുള്ള ഫലങ്ങള്‍ കാത്തിരിക്കുകയാണെന്നും മന്ത്രി സഭയെ അറിയിച്ചു.
രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്നലെ 103 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിലൊരാളുടെ ഫലം പോസിറ്റീവാണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
കേരളത്തില്‍ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ കൊറോണ വൈറസ് ബാധയാണ് കാഞ്ഞങ്ങാട്ടേത്. ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
മെഡിക്കല്‍ കോളേജുകള്‍ അടക്കം ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരോഗ്യ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. ചൈനയില്‍ നിന്ന് എത്തുന്നവരെ പ്രത്യേകിച്ചും രോഗ സാധ്യതയള്ളവരെ ആകെയും നിരീക്ഷിക്കാനും ബോവത്കരണ പരിപാടികള്‍ ഊര്‍ജ്ജിതമാക്കാനും ആരോഗ്യ വകുപ്പ് കര്‍മ്മ പദ്ധതി തന്നെ തയ്യാറാക്കിയിട്ടുണ്ട്. ഇന്നലെ മാത്രം 12 പേരെയാണ് നിരീക്ഷണത്തിന്റെ ഭാഗമായി ആശുപത്രിയിലാക്കിയത്.
രോഗികളേയും രോഗ സാധ്യതയുള്ളവരെയും രോഗ സാധ്യതയുമായി അടുത്ത് ഇടപെട്ടവരേയും ഐസൊലേഷന്‍ വാര്‍ഡിലുള്ളവരെ പരിചരിക്കുകയും ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരേയും എല്ലാം കണക്കിലെടുത്ത് വലിയ ജാഗ്രതയും മുന്‍കരുതല്‍ നടപടികളുമാണ് ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്ന് കൈക്കൊള്ളുന്നത്.

Post a Comment

0 Comments