കബഡി വിവാദം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അടിയന്തിരയോഗം ചേര്‍ന്നു


കാഞ്ഞങ്ങാട്: സംസ്ഥാന കബഡി അസോസിയേഷന്‍ നല്‍കിയ കേസില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിനുണ്ടായ തിരിച്ചടി വിലയിരുത്താന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അടിയന്തിര യോഗം ഇന്ന് ഉച്ചക്ക് 12 മണിക്ക് കാസര്‍കോട്ട് ആരംഭിച്ചു.
ദേശീയ കബഡി ചാമ്പ്യന്‍ഷിപ്പിലേക്കുള്ള കേരളടീമിനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന കബഡി അസോസിയേഷന്‍ കൊയാമ്പുറത്ത് നടത്തിയ സംസ്ഥാന ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പിനെ ഹൈക്കോടതി അംഗീകരിക്കുകയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ചെറുവത്തൂര്‍ പാലത്തേരയില്‍ നടത്തിയ മത്സരത്തെ അസാധുവാക്കുകയും ചെയ്ത ഹൈക്കോടതി വിധി സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്. കബഡിയുടെ തട്ടകമായ കാസര്‍കോട് ജില്ലയില്‍ കബഡി രംഗത്ത് രണ്ട് വിഭാഗമാണുള്ളത്. സംസ്ഥാന കബഡി അസോസിയേഷന്‍ പ്രസിഡണ്ട് സുധീര്‍കുമാറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗവും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മറ്റൊരുവിഭാഗവുമാണ് തമ്മില്‍പോരടിക്കുന്നത്. എന്നാല്‍ ഇതില്‍ സുധീര്‍കുമാര്‍ പക്ഷമാണ് ഔദ്യോഗികമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കനത്ത തിരിച്ചടിയാണുണ്ടാക്കിയത്. കൊയാമ്പുറത്ത് നടന്ന സംസ്ഥാന കബഡി അസോസിയേഷന്റെ ചാമ്പ്യന്‍ഷിപ്പില്‍ ക്ഷണിച്ചിട്ടുപോലും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ പങ്കെടുക്കുകയോ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ടുനല്‍കുകയോ ചെയ്തില്ല. എന്നാല്‍ ദേശീയ മത്സരത്തില്‍ പങ്കെടുക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടിന്റെ ഒപ്പ് ആവശ്യമില്ലെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഈ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇന്ന് അടിയന്തിര എക്‌സിക്യുട്ടീവ് യോഗം വിളിച്ചുചേര്‍ത്തത്.

Post a Comment

0 Comments