മടിക്കൈ: ദേശീയ ഫുട്ബോള്‍ താരത്തിന്റെ വീട്ടിലേക്ക് നിര്‍മ്മിച്ച റോഡ് രണ്ടാംനാള്‍ തകര്‍ന്നു.
തെക്കന്‍ ബങ്കളം രാങ്കണ്ടത്തെ ദേശീയ ഫുട്ബോള്‍ താരം ആര്യശ്രീയുടെ വീട്ടിലേക്ക് നിര്‍മ്മിച്ച റോഡാണ് രണ്ടാംനാള്‍ തകര്‍ന്നത്. നിരവധി പുരസ്കാരങ്ങള്‍ നേടിയ ആര്യശ്രീയും കുടുംബവും പൊളിഞ്ഞുവീഴാറായ ഓലപ്പുരയിലാണ് താമസം. ദേശീയ പുരസ്കാരം തേടി തിരിച്ചെത്തിയ ആര്യശ്രീക്ക് പൗരാവലി വന്‍ സ്വീകരണമാണ് നല്‍കിയത്. ഇതോടെയാണ് ആര്യശ്രീ താമസിക്കുന്നത് പൊളിഞ്ഞുവീഴാറായ ഓലപ്പുരയിലാണെന്ന് പുറംലോകമറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ സിപിഎം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനകീയ കമ്മറ്റി രൂപികരിച്ച് പുതിയവീട് നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ഇതോടെ ആര്യശ്രീയുടെ വീട്ടിലേക്ക് പുതിയവീട് നിര്‍മ്മിക്കാന്‍ നീലേശ്വരം നഗരസഭ 5 ലക്ഷം രൂപയും അനുവദിച്ചു. ടെണ്ടര്‍ വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യകരാറുകാരന് റോഡ് നിര്‍മ്മാണ ചുമതല ഏറ്റെടുക്കുകയും പണി പൂര്‍ത്തീകരിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാംദിവസം തന്നെ നാട്ടുകാര്‍ നടന്നുപോകുമ്പോള്‍ തന്നെ റോഡ് തകര്‍ന്നുതുടങ്ങി.
റോഡ് നിര്‍മ്മാണത്തിലെ അപാകതയാണ് രണ്ടാംദിവസം തന്നെ റോഡ് തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതേകുറിച്ച് അന്വേഷണം നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് 30 ദിവസം കഴിഞ്ഞാല്‍ മാത്രമേ ഇതിലൂടെ ആള്‍സഞ്ചാരം പാടുള്ളൂവെന്ന് കരാറുകാരന്റെ വിചിത്രമായ നിലപാട്.
0 Comments