ഇന്‍സ്റ്റാള്‍മെന്റ് തട്ടിപ്പ്: ജയിലില്‍നിന്നിറങ്ങിയ യുവാവ് വീണ്ടും നിരവധിപേരെ കബളിപ്പിച്ചു


കാഞ്ഞങ്ങാട്: ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ തവണ വ്യവസ്ഥയില്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിരുതന്‍ വീണ്ടും കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും വ്യാപകമായ തട്ടിപ്പ് നടത്തി.
കോഴിക്കോട് മുക്കം സ്വദേശി ബെന്നിയാണ് അജാനൂര്‍ കടപ്പുറത്തും മറ്റ് തീരദേശ മേഖലകളിലും നഗരസഭയുടെ വിവിധഭാഗങ്ങളിലുമായി വന്‍തോതില്‍ തട്ടിപ്പ് നടത്തിയത്.
ടി.വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, മൊബെല്‍ഫോണ്‍ തുടങ്ങി ഇലക്ട്രോണിക്ക് സാധനങ്ങള്‍ തവണ വ്യവസ്ഥയില്‍ തരാമെന്ന വ്യാജേന വീടുകളില്‍ കയറി അഡ്വാന്‍സ് തുകയായി 100 രൂപ കൈപ്പറ്റി അടുത്ത ആഴ്ചമുതല്‍ സാധനങ്ങള്‍ വാങ്ങുന്ന മുറയ്ക്ക് ആഴ്ച തവണകളായി ബാക്കി തുക നല്‍കിയാല്‍ മതി എന്നു പറഞ്ഞാണ് നിരവധി ആളുകളില്‍ നിന്നും പണം തട്ടിയത്. കൂടുതലും സ്ത്രീകളാണ് ഇയാളുടെ തട്ടിപ്പിനിരയായത്. അജാനൂര്‍ കടപ്പുറത്തെ ബരീഷിന്റെ വീട്ടില്‍ നിന്നും ബെന്നി മൊബൈല്‍ ഫോണിനായി 500 രൂപ അഡ്വാന്‍സ് വാങ്ങി. അടുത്തദിവസം ഫോണ്‍ എത്തിക്കാമെന്ന് പറഞ്ഞ് അപേക്ഷാഫോറവും ഫോണ്‍നമ്പറും നല്‍കുകയും ചെയ്തു. എന്നാല്‍ ഫോണ്‍ കിട്ടാത്തതിനെതുടര്‍ന്ന് പിറ്റേദിവസം ബെന്നി നല്‍കിയ നമ്പറില്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. പണം നഷ്ടപ്പെട്ടതായി മനസ്സിലായ ബരീഷ് ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.
വെള്ളരിക്കുണ്ട്, ചിറ്റാരിക്കാല്‍ തുടങ്ങിയസ്ഥലങ്ങളില്‍ ഇതേ രീതിയില്‍ തട്ടിപ്പ് നടത്തിയ ബെന്നിയെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ചിറ്റാരിക്കാല്‍ എസ്.ഐ സുരേഷ്‌കുമാര്‍ പയ്യന്നൂരില്‍ വെച്ച് സമര്‍ത്ഥമായി പിടികൂടിയിരുന്നു. ഈ കേസില്‍ ആറുമാസം ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയശേഷമാണ് വീണ്ടും തട്ടിപ്പുമായി കാഞ്ഞങ്ങാട്ടെത്തിയത്. ബെന്നിയുടെ ഫോട്ടോയുമായി ഇയാള്‍ തട്ടിപ്പുകാരനാണെന്ന് കാണിച്ച് എസ്.ഐ സുരേഷ് കുമാര്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പോസ്റ്റിട്ടിരുന്നു.

Post a Comment

0 Comments