കാല്‍ ലക്ഷം കോടി രൂപയുടെ ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ ധാരണ


ദില്ലി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കാല്‍ ലക്ഷം കോടി രൂപയുടെ 30 ഹെലികോപ്റ്ററുകള്‍ അമേരിക്കയില്‍ നിന്നും വാങ്ങാന്‍ ധാരണയായി. ഇക്കാര്യം അടുത്ത ആഴ്ച കേന്ദ്രമന്ത്രിസഭാ യോഗം പരിഗണിക്കും. എംഎച്ച്60ആര്‍ സീഹോക്ക് ഹെലികോപ്ടറുകള്‍ ഇന്ത്യന്‍ നാവിക സേനയ്ക്ക് വേണ്ടിയാണ് വാങ്ങുന്നതെന്നാണ് വിവരം.
അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഈ ഹെലികോപ്റ്റര്‍ വ്യാപാരം. അമേരിക്കന്‍ പ്രസിഡണ്ട് ഡെണാള്‍ഡ് ട്രംപ് ഈ മാസം 24, 25 തീയതികളില്‍ ഇന്ത്യ സന്ദര്‍ശനം നടത്തും. പ്രസിഡന്റ് ട്രംപിനൊപ്പം ഭാര്യ മിലാനിയയും ഇന്ത്യയിലെത്തും. ദില്ലിക്ക് ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരം അഹമ്മദാബാദും ട്രംപ് സന്ദര്‍ശിച്ചേക്കും.
ഇന്ത്യ-യുഎസ് പ്രതിരോധ ആയുധ നിര്‍മ്മാതാക്കളായ ലോക്ക്ഹീഡ് മാര്‍ട്ടിനില്‍ നിന്ന് സൈനിക ഹെലികോപ്ടറുകളും ദില്ലിയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള നംസാസ് മിസൈല്‍ സംവിധാനവുമാണ് ഇന്ത്യ വാങ്ങാന്‍ പദ്ധതിയിടുന്നത്. രാജ്യതലസ്ഥാനമായ ദില്ലിയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി അമേരിക്കയില്‍ നിന്ന് നാഷണല്‍ അഡ്വാന്‍സ്ഡ് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിസ്റ്റം-2(നംസാസ്-2) വാങ്ങുന്നത് 14000 കോടി രൂപയ്ക്കാണ്.
ട്രംപിന്റെ സന്ദര്‍ശനത്തില്‍ ഇന്ത്യ-അമേരിക്ക വ്യാപാരക്കരാര്‍ ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇന്ത്യ -അമേരിക്ക ബന്ധം മെച്ചപ്പെടുത്താന്‍ സന്ദര്‍ശനത്തിലൂടെ കഴിയുമെന്നാണ് കണക്കാക്കുന്നത്.

Post a Comment

0 Comments