നഗരസഭ ജീവനക്കാര്‍ക്ക് നേരെ കയ്യേറ്റം; ഓഫീസിന് മുമ്പില്‍ പ്രതിഷേധ പ്രകടനം


കാഞ്ഞങ്ങാട്: നിരോധിത പ്ലാസ്റ്റിക്ക് കവറുകളും ഒറ്റതവണ ഉപയോഗിക്കുന്ന വസ്തുക്കളും ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനക്കെത്തിയ നഗരസഭയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കയ്യേറ്റം. കയ്യേറ്റത്തില്‍ പരിക്കേറ്റ ശുചീകരണവിഭാഗം ജീവനക്കാരന്‍ അനില്‍കുമാറിനെ (42) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് പരിശോധനക്കെത്തിയവരെ കല്ലൂരാവി ജംഗ്ഷനില്‍ വെച്ച് ഒരു സംഘമാളുകള്‍ തടഞ്ഞ് നിര്‍ത്തി കൈയേറ്റം ചെയ്യുകയായിരുന്നു. സംഭവത്തില്‍ കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ പ്രതിഷേധിച്ചു. സംസ്ഥാനത്താകമാനം പ്ലാസ്റ്റിക്ക് ഉപയോഗം കുറച്ചു കൊണ്ടുവരാനും ബദല്‍ ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന അവസരത്തില്‍ സര്‍ക്കാറിന്റെ നയപരമായ തീരുമാനത്തിനെതിരെയും ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തെയും തടസ്സപ്പെടുത്തുന്ന നിലപാട് സ്വീകരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വനിതാ ജീവനക്കാരെ അസഭ്യം പറയുകയും മിന്നല്‍ പരിശോധനയില്‍ പങ്കെടുത്ത ശുചീകരണ വിഭാഗം ജീവനക്കാരനായ അനില്‍കുമാറിനെ മര്‍ദ്ദിക്കുകയും ചെയ്ത നടപടിക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും യൂനിയന്‍ ആവശ്യപ്പെട്ടു. അക്രമണവും ഭീക്ഷണിയും കൊണ്ട് ജീവനക്കാരുടെ മനോവീര്യം തകര്‍ക്കാമെന്ന് ആരും കരുതരുതെന്നും കെ.എം.സി.എസ്.യു യും മുനിസിപ്പല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സി ഐ ടി യു കാഞ്ഞങ്ങാട് യൂണിറ്റ് കമ്മിറ്റികളുടെ സംയുക്ത യോഗം അഭിപ്രായപ്പെട്ടു.സംഭവത്തില്‍ പ്രതിക്ഷേധിച്ച് നഗരസഭ ഓഫീസിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. യോഗത്തില്‍ എ.വേണുഗോപാലന്‍, എം.വി.ഹരിദാസന്‍, ടി.വി.രാജേഷ്, കെ.രാകേഷ്, കെ.ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments