വാവസുരേഷ് ആശുപത്രിയില്‍; വഴിപാടുകള്‍ തുടരുന്നു


ഹരിപ്പാട്: അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ പുരോഗതിക്കായി മണ്ണാറശാലയില്‍ ആരാധകരുടെ വഴിപാടുകള്‍ തുടരുകയാണ്. ആരുവിളിച്ചാലും ഓടിയെത്തി പാമ്പുകളെ പിടിച്ച് അപകടം ഒഴിവാക്കുന്ന വാവ സുരേഷിന് സംസ്ഥാനത്ത് നിരവധി ആരാധകരുണ്ട്. അപകടം സംഭവിച്ച വാര്‍ത്ത പ്രചരിച്ചതോടെ മണ്ണാറശാലയില്‍ വാവയുടെ പേരില്‍ അര്‍ച്ചന, പുറ്റും മുട്ടയും സമര്‍പ്പിക്കല്‍ എന്നിവ നടന്നു. വാവ സുരേഷിന് ആയുരാരോഗ്യ സൗഖ്യം നേര്‍ന്ന് മണ്ണാറശ്ശാല കുടുംബാംഗം എസ്.നാഗദാസ് സന്ദേശം അയച്ചു.
വ്യാഴാഴ്ച രാവിലെ പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജംക്ഷനില്‍ വെച്ചായിരുന്നു വാവ സുരേഷിന് പാമ്പ് കടിയേറ്റത്. ഒരു വീട്ടിലെ കിണറില്‍നിന്നും പിടിച്ച അണലിയാണ് വാവയെ കടിച്ചത്. കുപ്പിയിലാക്കിക്കൊണ്ടുപോയ അണലിയെ കാണാന്‍ നാട്ടുകാര്‍ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് പുറത്തെടുക്കുന്നതിനിടെ കൈയില്‍ കടിയേല്‍ക്കുകയായിരുന്നു. കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമശുശ്രൂഷ നടത്തിയശേഷം ഉച്ചയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കില്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പത്. മള്‍ട്ടി ഡിസിപ്ലിനറി ഐ.സി. യു.വില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.ഷര്‍മ്മദ് അറിയിച്ചു.

Post a Comment

0 Comments