ബി.ജെ.പി അധ്യക്ഷനായി സുരേന്ദ്രന്‍ ചുമതലയേറ്റു; ചടങ്ങില്‍ നിന്നും മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നു


തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രന്‍ ഇന്ന് രാവിലെ ചുമതലയേറ്റു. പാര്‍ട്ടിക്കുള്ളിലെ ഭിന്നത പ്രകടമാക്കി പാര്‍ട്ടി ആസ്ഥാനത്തുനടന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നു. കേന്ദ്രമന്ത്രി വി.മുരളീധരനും എംഎല്‍.എ ഒ.രാജഗോപാലും അടക്കം മുതിര്‍ന്ന നേതാക്കള്‍ സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.
അതേസമയം കുമ്മനം രാജശേഖരന്‍, എംഎന്‍ രാധാകൃഷണന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരാണ് പരിപാടിയില്‍ നിന്ന് വിട്ടുനിന്നത്.
കെ.സുരേന്ദ്രന് ആവേശകരമായ വരവേല്‍പ്പാണ് ബിജെപി പ്രവര്‍ത്തകര് ഒരുക്കിയത്. രാവിലെ തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ കെ സുരേന്ദ്രനെ സ്വീകരിക്കാന്‍ നിരവധി പ്രവര്‍ത്തകരാണ് കാത്തുനിന്നത്. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി രാജേഷിന്റെ നേതൃത്വത്തില്‍ വലിയ സ്വീകരണ ചടങ്ങാണ് സംഘടിപ്പിച്ചത്.
പി.എസ്.ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷ പദവി ദീര്‍ഘനാളായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. തുടര്‍ന്ന് അധ്യക്ഷ പദവിയെ ചൊല്ലി ബിജെപിയില്‍ ഭിന്നതയും രൂക്ഷമായിരുന്നു. തുടര്‍ന്ന് നിരവധി ചര്‍ച്ചകള്‍ക്കും യോഗങ്ങള്‍ക്കും ശേഷമാണ് ഈ മാസം 15ാം തീയതി കെ.സുരേന്ദ്രനെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തത്.
സുരേന്ദ്രന്‍ യുവമോര്‍ച്ച വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. സുരേന്ദ്രന്റെ സ്ഥാനമേല്‍ ക്കല്‍ ചടങ്ങില്‍ നിന്നും പ്രമുഖ നേതാക്കള്‍ വിട്ടുനിന്നത് ബി.ജെ.പിയിലെ വിഭാഗീയത വീണ്ടും ശക്തമാകുമെന്ന സൂചനയാണ് നല്‍കുന്നത്.

Post a Comment

0 Comments