വിനയയുടെ മരണം ദുരൂഹമെന്ന് നാട്ടുകാര്‍


നീലേശ്വരം: പേരോല്‍ വട്ടപ്പൊയില്‍ കപ്പണക്കാലിലെ ഗള്‍ഫുകാരന്‍ മനോജിന്റെ ഭാര്യ വിനയ യുടെ(29)മരണത്തില്‍ ദുരൂഹത യുണ്ടെന്ന് നാട്ടുകാരുടെ സംശയം ബലപ്പെട്ടു.
ഇന്നലെ രാവിലെയാണ് വിനയയെ ഭര്‍തൃവീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ബദിയടുക്കയിലെ പരേതയായ സുശീലയുടെ മകളാണ് വിനയ. ഒന്നരവര്‍ഷം മുമ്പാണ് മനോജും വിനയയും തമ്മില്‍ വിവാഹിതരായത്. പിന്നീട് ഗള്‍ഫില്‍പോയ മനോജ് ഒരുമാസം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. മനോജിന് ഭാര്യയെകുറിച്ച് സംശയരോഗം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതേചൊല്ലി മിക്കപ്പോഴും ഇവര്‍തമ്മില്‍ വഴക്കിട്ടിരുന്നുവത്രെ. തിങ്കളാഴ്ച രാത്രി 9 മണിക്കും ഇവരുടെ വീട്ടില്‍ നിന്നും ബഹളംകേട്ടതായി നാട്ടുകാര്‍ പറയുന്നു. രാവിലെ വിനയ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വാതില്‍തുറന്നുനോക്കിയപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടതെന്നാണ് മനോജിന്റെ ബന്ധുക്കള്‍ പറയുന്നത്. വീട്ടുകാരുടെ നിലവിളികേട്ട് ഓടിയെത്തിയവര്‍ നോക്കിയപ്പോള്‍ കട്ടിലില്‍ കാല്‍മുട്ട് അമര്‍ത്തിവെച്ചനിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നതത്രെ. ആദ്യം കട്ടിലില്‍ മറ്റുവസ്തുക്കളൊന്നും ഉണ്ടായിരുന്നില്ലെന്നും പിന്നീട് ഇവിടെ ഒരു കസേര കൊണ്ടുവെച്ചത് സംശയാസ്പദമാണെന്നും നാട്ടുകാര്‍ പറയുന്നു. കസേര ഇല്ലാത്തപ്പോഴും പിന്നീട് കൊണ്ടുവെച്ചപ്പോഴുമുള്ള ഫോട്ടോകള്‍ നാട്ടുകാര്‍ പോലീസിന് നല്‍കിയിട്ടുണ്ട്. മാതാപിതാക്കള്‍ മരണപ്പെട്ട വിനയക്ക് ഒരുസഹോദരിമാത്രമേയുള്ളൂ.

Post a Comment

0 Comments