യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സ്ഥാനം: മനാഫ് നുള്ളിപ്പാടി വീണ്ടും സ്ഥാനാര്‍ത്ഥി; പോര് ശക്തമായി


കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ശക്തമായ പോര്. കോണ്‍ഗ്രസിലെ ഐ വിഭാഗം നേതാക്കള്‍ തമ്മിലാണ് പരസ്പരം ബലപരീക്ഷണം നടത്തുന്നത്.
സംസ്ഥാനതല ധാരണയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട്ട് ഐ ഗ്രൂപ്പിനാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം. എന്നാല്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് ഐ വിഭാഗത്തിലെ രണ്ടുപേര്‍ മത്സരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എ വിഭാഗത്തിന്റെ പിന്തുണ ലഭിക്കുന്ന സ്ഥാനാര്‍ത്ഥി പ്രസിഡണ്ടാവുമെന്നാണ് സൂചന. ഐ ഗ്രൂപ്പിലെ ധാരണയുടെ അടിസ്ഥാനത്തില്‍ ബി.പി.പ്രദീപ് കുമാറിനെയാണ് ജില്ലാ പ്രസിഡണ്ടാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഐ ഗ്രൂപ്പിലെ തന്നെ മനാഫ് നുള്ളിപ്പാടിയും പ്രസിഡണ്ട് സ്ഥാനത്തേക്ക് പത്രിക നല്‍കിയിട്ടുണ്ട്. പത്രികയോടൊപ്പം മനാഫ് സമര്‍പ്പിച്ച വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന പരാതിയുമായി പ്രദീപ്കുമാര്‍ പക്ഷം നേരത്തെ രംഗത്തുവന്നിരുന്നു. ഇതേ തുടര്‍ന്ന് മനാഫിന്റെ പത്രിക ആദ്യം തള്ളിയിരുന്നു. പിന്നീട് മനാഫ് നല്‍കിയ അപ്പീലിനെ തുടര്‍ന്ന് മനാഫിന്റെ പത്രിക വീണ്ടും അംഗീകരിച്ചു. ഇതോടെയാണ് ഐ വിഭാഗക്കാര്‍ തമ്മില്‍ ശക്തമായ മത്സരത്തിന് കളമൊരുങ്ങിയത്. ഇതിനിടെ മനാഫിനെതിരെ മറ്റൊരു പരാതിയുമായി പ്രദീപ് കുമാര്‍ പക്ഷം രംഗത്തുവന്നു. മനാഫിനെതിരെ കൊടുങ്ങല്ലൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി വണ്ടിച്ചെക്ക് കേസില്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നാണ് തെളിവ് സഹിതം ഇവര്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മനാഫിനെ അറസ്റ്റുചെയ്യാന്‍ കൊടുങ്ങല്ലൂര്‍ കോടതി ബേക്കല്‍ പോലീസിനാണ് വാറണ്ട് കൈമാറിയിരിക്കുന്നത്.
പാര്‍ലമെന്റ് മണ്ഡലം എന്ന പരിധി ഒഴിവാക്കി ഇത്തവണ ജില്ലാ അടിസ്ഥാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ നിലവില്‍വരുന്നത്.
കെ.പി.സി.സി സെക്രട്ടറി കെ.നീലകണ്ഠനെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ നോമിനിയായാണ് മനാഫ് നുള്ളിപ്പാടി. സി.കെ ശ്രീധരന്‍ വിഭാഗമാണ് കോടോം-ബേളൂരില്‍ നിന്നുള്ള ബി.പി പ്രദീപ്കുമാറിനെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത്.
അതേസമയം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ജില്ലയില്‍ നിന്ന് മുന്‍ കെ.എസ്.യു ജില്ലാ പ്രസിഡന്റുമാരായിരുന്ന നോയല്‍ ടോമിന്‍ ജോസഫും ജോമോന്‍ ജോസും മത്സരിക്കുന്നുണ്ട്. എ.ഐ. സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെയും അനുഗ്രഹാശിസുകളോടെയാണ് നോയല്‍ ടോമിന്‍ ജോസഫ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. എന്നാല്‍ എ ഗ്രൂപ്പിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായാണ് ജോമോന്‍ ജോസ് അറിയപ്പെടുന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഇരുവരും തമ്മില്‍ വാശിയേറിയ മത്സരമാണ് നടക്കുന്നത്.
നാളെവരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയപരിധി. സ്ഥാനാര്‍ത്ഥികളാരും തന്നെ നേരിട്ട് വോട്ടഭ്യര്‍ത്ഥന നടത്തുന്നില്ല. ഇതുവരെയുള്ള പോളിംഗ് ശതമാനം വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ട്. വോട്ടര്‍പട്ടിക തയ്യാറാക്കിയ രണ്ടുവര്‍ഷം മുമ്പ് നല്‍കിയ മൊബൈല്‍ഫോണിലേക്ക് വരുന്ന ഒ.ടി.പി അനുസരിച്ച് മാത്രമേ വോട്ട് രേഖപ്പെടുത്താന്‍ കഴിയുകയുള്ളൂ. എന്നാല്‍ പലരും മൊബൈല്‍ നമ്പര്‍മാറ്റിയതിനാല്‍ ഇവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ കഴിയില്ല. ഇതും പോളിംഗ് ശതമാനം കുറയാനിടയാക്കിയിട്ടുണ്ട്.

Post a Comment

0 Comments