കണ്ണൂരില്‍ പെണ്‍ക്വട്ടേഷന്‍ സംഘം, പട്ടാപ്പകല്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി


കണ്ണൂര്‍: പട്ടാപ്പകല്‍ കണ്ണൂര്‍ നഗരത്തെ ഞെട്ടിച്ചു കൊണ്ട് വ്യാപാരിയെ തട്ടിക്കൊണ്ട് പോകാനെത്തിയ സംഘത്തെ പോലീസ് നാടകീയമായി പിടികൂടിയതിന്റെ പിന്നിലെ പെണ്‍ബുദ്ധി പുറത്തുവന്നു. സംഭവത്തിന് ശേഷം പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിച്ചത്തായത്.
ഇരുപത്തിരണ്ട് വയസുകാരിയായ പെണ്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കൃത്യം ഏറ്റെടുത്തതെന്നാണ് പോലീസ് കണ്ടെത്തല്‍. പണം ഇടപാട് സംബന്ധിച്ച് സ്ഥലത്തെ ഒരു വ്യാപാരിയെ ആക്രമിക്കാനായി ക്വട്ടേഷന്‍ സംഘം എത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തിയതോടെയാണ് ക്വട്ടേഷന്‍ സംഘത്തെ പിടികൂടാനായത്. പോലീസ് അതിസമര്‍ത്ഥമായി പ്രതികളെ പിടികൂടുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. എന്നാല്‍ പോലീസ് ഓപ്പറേഷനിടെ ക്വട്ടേഷന്‍ ഗ്രൂപ്പിലെ ചിലര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇക്കൂട്ടത്തില്‍ സംഘത്തിന്റെ തലപ്പത്തുള്ള പെണ്‍കുട്ടിയും രക്ഷപ്പെടുകയായിരുന്നു.
പെണ്‍കുട്ടിയുടെ സഹോദരിയുടെ വിവാഹം നടന്ന ഓഡിറ്റോറിയത്തിന്റെ വാടകയുമായി ബന്ധപ്പെട്ട് 30,000 രൂപ തിരിച്ചു ലഭിക്കാത്തതിനെ ചൊല്ലി വ്യാപാരിയുമായി പ്രശ്‌നമുണ്ടായിരുന്നു. എന്നാല്‍ ഈ കാരണം കൊണ്ടു മാത്രം പട്ടാപ്പകല്‍ ഇത്തരമൊരു കൃത്യം നടത്താന്‍ സംഘം പ്ലാന്‍ ചെയ്യുമോ എന്ന് പോലീസ് വിശ്വസിക്കുന്നില്ല. അതേ സമയം പോലീസില്‍ പരാതി നല്‍കാന്‍ വ്യാപാരി ഇതുവരെയും തയ്യാറായിട്ടില്ല. അതിനാല്‍ പോലീസുകാരെ ആക്രമിച്ചെന്ന വകുപ്പിലാണ് കേസെടുത്തിരിക്കുന്നത്. പൊലീസിനെ കയ്യേറ്റം ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിക്കവെ, കൂടുതല്‍ പോലീസ് എത്തിയാണ് അക്രമികളെ പിടികൂടിയത്. പൊലീസിനെ കയ്യേറ്റം ചെയ്തതിനും, വാഹനങ്ങള്‍ നശിപ്പിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പുതിയതെരുവ് ഷെമീം, നൗഫല്‍, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ ഷെമീം ക്രിമിനില്‍ പശ്ചാത്തലമുള്ളയാളും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളുമാണ്. ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ഗുണ്ടാനിയമപ്രകാരം കേസെടുക്കാനാണു പോലീസിന്റെ തീരുമാനം. കണ്ണൂര്‍ നഗരത്തിലെ താമസക്കാരിയാണു യുവതിയെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Post a Comment

0 Comments