കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ്; കെ.സി.വേണുഗോപാല്‍ നേതാവ്


കാഞ്ഞങ്ങാട്: കേരള മുഖ്യമന്ത്രിയുടെ കസേര ലക്ഷ്യം വെച്ച് കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാല്‍ കേരളത്തില്‍ സ്വാധീനം ഉറപ്പിക്കാന്‍ തിരക്കിട്ട ശ്രമം തുടങ്ങി.
വിശ്വസ്തരുടെ സഹായത്തോടെ കേരളത്തിലങ്ങോളമിങ്ങോളം സംസ്ഥാനനേതാക്കളേയും ജില്ലാ നേതാക്കളേയും ബ്ലോക്ക് നേതാക്കളെയും ഒപ്പം നിര്‍ത്താന്‍ രണ്ട്മാസമായി അതീവരഹസ്യമായി നീക്കങ്ങള്‍ നടത്തിവരികയാണ്. കാസര്‍കോട് ജില്ലയില്‍ വേണുഗോപാല്‍ ഗ്രൂപ്പിന്റെ വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയാണ്. ഉണ്ണിത്താന്റെ വിശ്വസ്തരായ നോയല്‍ ടോംജോസഫ്, വിനോദ്കുമാര്‍ പള്ളയില്‍വീട്, സി.വി.ജെയിംസ്, സാജിദ് മൗവ്വല്‍, പി.കെ.ഫൈസല്‍ തുടങ്ങിയവര്‍ വേണുഗോപാല്‍ ഗ്രൂപ്പില്‍ നിലയുറപ്പിക്കുമെന്നാണ് സൂചന.
രമേശ് ചെന്നിത്തല വളരെ മുമ്പുതന്നെ മുഖ്യമന്ത്രികുപ്പായം തുന്നിവെച്ചിട്ടുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം ലഭിച്ചാല്‍ ചെന്നിത്തലയെ തട്ടി മുഖ്യമന്ത്രിയാവാന്‍ കേന്ദ്രകോണ്‍ഗ്രസ് നേതൃത്വത്തിന്റെ സഹായവും വേണുഗോപാല്‍ തേടിയിട്ടുണ്ട്. സോണിയാഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരടക്കമുള്ള കേന്ദ്രകോണ്‍ഗ്രസ് നേതാക്കള്‍ വേണുഗോപാലിനെ പിന്തുണയ്ക്കാനാണ് സാധ്യത. ഇടക്കാലത്ത് ഡല്‍ഹിയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന വേണുഗോപാല്‍ കഴിഞ്ഞ ആറുമാസമായി ഇടക്കിടെ കേരളത്തിലെത്തുന്നുണ്ട്. കല്യോട്ടെ ഇരട്ടക്കൊലപാതകത്തിന് ഒരു വര്‍ഷം തികയുന്ന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കെ.സി.വേണുഗോപാലിനെ രംഗത്തിറക്കാന്‍ താല്‍പ്പര്യം കാണിച്ചത് ഗ്രൂപ്പ് സമവാക്യത്തിന്റെ ഭാഗമാണെന്ന് ജില്ലയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.
ജില്ലയിലെ ഒട്ടനവധി നേതാക്കള്‍ ഏതാനും നാളുകളായി ഉണ്ണിത്താന്റെ നീക്കങ്ങളും നടപടികളുമായും യോജിക്കുന്നില്ല. കോണ്‍ഗ്രസുകാരോട് ഉണ്ണിത്താന്‍ പലസന്ദര്‍ഭങ്ങളിലും പരുക്കനായാണ് പെരുമാറുന്നത്. തന്നെ പാര്‍ലമെന്റിലേക്ക് അയച്ചത് മുസ്ലീംലീഗുകാരാണെന്ന് പലവേദികളിലും ഉണ്ണിത്താന്‍ തുറന്നടിച്ചു. ഒരുമലയാളം ടെലിവിഷന്‍ ചാനലിന്റെ അഭിമുഖത്തില്‍ താന്‍ കാസര്‍കോട് ജില്ലയില്‍ 'ഉണ്ണിച്ച'യാണെന്ന് അവകാശപ്പെട്ടിരുന്നു. മുസല്‍മാന്മാര്‍ തങ്ങളേക്കാള്‍ പ്രായമുള്ള പുരുഷന്മാരെ ഇച്ച എന്നാണ് വിളിക്കുക. ഇങ്ങനെയാണ് ഉണ്ണിത്താന്‍ ഉണ്ണിച്ചയായത്. കൊല്ലത്ത് ഒരു പഞ്ചായത്ത് മെമ്പര്‍പോലും ഇന്നേവരെ ആയിട്ടില്ലാത്ത രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിച്ച് വിജയിച്ചതോടെ ആള് ആകെമാറിയെന്നാണ് കേരളത്തിലെ ഒട്ടനവധി കോണ്‍ഗ്രസ് നേതാക്കളുടെ പ്രത്യേകിച്ച് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. ആരെയും ചീത്തവിളിക്കും. സി.കെ.ശ്രീധരന്‍ നല്‍കിയ ഡ്രൈവര്‍ രതീഷ് കാട്ടുകുളങ്ങര അടുത്തദിവസം ഉണ്ണിത്താനോട് വിടപറഞ്ഞു.
നിരവധി ഗ്രൂപ്പുകള്‍ കണ്ടും അനുഭവിച്ചും അറിഞ്ഞവരാണ് കോണ്‍ഗ്രസുകാര്‍. വി.എം.സുധീരന്‍ കേരളത്തില്‍ ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമം നടത്തിയിരുന്നു. പക്ഷേ അത് ക്ലച്ച് പിടിച്ചില്ല. എം.സി.ജോസായിരുന്നു സുധീരന്‍ ഗ്രൂപ്പിന്റെ ജില്ലാ വക്താവ്. ഡി.സി.സി സെക്രട്ടറി പെരിയ ബാലകൃഷ്ണനും ഒരുഘട്ടത്തില്‍ സുധീരന്‍ ഗ്രൂപ്പുകാരനായിരുന്നു. ഡി.സി.സി സെക്രട്ടറി സ്ഥാനം ബാലകൃഷ്ണന് ലഭിച്ചത് സുധീരന്‍ ക്വാട്ടയിലാണ്. ഉദുമ സീറ്റ് അടുത്തതവണയും തനിക്ക് കിട്ടാന്‍ സാധ്യതയില്ലെന്ന് മനസ്സിലാക്കിയ ബാലകൃഷ്ണന്‍ കെ.പി.സി.സി പുനസംഘടനയില്‍ സെക്രട്ടറി സ്ഥാനം തരപ്പെടുത്താന്‍ ശക്തമായ നീക്കം തുടങ്ങിയിട്ടുണ്ട്.

Post a Comment

0 Comments