വനിതകള്‍ക്ക് സൈന്യത്തില്‍ ഉന്നത പദവികളാകാം- കോടതി


ദില്ലി: വനിതകള്‍ക്ക് കരസേനയില്‍ സുപ്രധാന പദവികളാകാമെന്നും ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ ലിംഗവിവേചനം പാടില്ലെന്നും സുപ്രീം കോടതി. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വിവേചനപരമാണെന്ന് വിമര്‍ശിച്ച കോടതി സേനാവിഭാഗങ്ങളില്‍ ലിംഗവിവേചനത്തിന് അവസാനമുണ്ടാകണമെന്നും നിര്‍ദ്ദേശിച്ചു. ജ. ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ കോടതിയാണ് പ്രതിരോധ സേനകളില്‍ സുപ്രധാന പദവികളില്‍ സ്ത്രീകളെ നിയമിക്കുന്നതിനുള്ള വിധി പുറപ്പെടുവിച്ചത്.
കരസേന യൂണിറ്റുകളുടെ തലപ്പത്ത് വനിതകളെയും നിയമിക്കാം. യൂണിറ്റുകളുടെ തലപ്പത്ത് ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ ലിംഗവിവേചനം പാടില്ല. നിലവില്‍ സേനാ വിഭാഗങ്ങളില്‍ ലിംഗവിവേചനത്തിന് അവസാനം ഉണ്ടാകണം. യുദ്ധ തടവുകാരാകുന്നത് ഒഴിവാക്കാനാണ് വനിത ഓഫീസര്‍മാരെ കമാണ്ടര്‍ പോസ്റ്റുകളില്‍ നിയമിക്കാത്തത് എന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ലിംഗവിവേചനമാണെന്നും കോടതി വ്യക്തമാക്കി. വനിതകള്‍ക്ക് കരസേനാ യൂണിറ്റ് മേധാവികളാകാമെന്ന ദില്ലി ഹൈക്കോടതി വിധി ശരിവച്ചുകൊണ്ടാണ് പരമോന്നത കോടതിയുടെ നിരീക്ഷണം.
വനിത ഉദ്യോഗസ്ഥരെ പ്രധാന പദവികളില്‍ നിയമിക്കാന്‍ പുരുഷ ഉദ്യോഗസ്ഥര്‍ തയ്യാറല്ല എന്നും വനിത ഓഫീസര്‍മാരെ യുദ്ധ തടവുകാരാക്കുന്നത് ഒഴിവാക്കാനാണ് ഇവരെ കമാന്റര്‍ പോസ്റ്റില്‍ നിയമിക്കാത്തതെന്നും കേന്ദ്രം വാദിച്ചിരുന്നു.

Post a Comment

0 Comments