കാഞ്ഞങ്ങാട്: ബി.ജെ.പി ജില്ലാ പ്രസിഡണ്ടായി കെ.ശ്രീകാന്തിനെ വീണ്ടും നിയമിച്ചതോടെ ജില്ലയിലെ ബി.ജെ.പിയില്‍ കലാപം.
സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് ശ്രീകാന്തിനെ ഏകപക്ഷീയമായി പ്രസിഡണ്ടാക്കിയതെന്ന ആരോപണവുമായി ഒരുവിഭാഗം രംഗത്തുവന്നു. ശ്രീകാന്തിനെ പ്രസിഡണ്ടാക്കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനസമിതി അംഗവും ജില്ലയിലെ മുതിര്‍ന്നനേതാവുമായ രവീശതന്ത്രികുണ്ടാര്‍ സജീവരാഷ്ട്രീയം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. കാസര്‍കോട്, മഞ്ചേശ്വരം നിയമസഭാ സീറ്റുകളിലും കാസര്‍കോട് പാര്‍ലമെന്റ് സീറ്റിലും മത്സരിച്ച രവീശതന്ത്രിയെ ജില്ലാ പ്രസിഡണ്ടാക്കുമെന്നായിരുന്നു ഒരു വിഭാഗം കരുതിയിരുന്നത്. എന്നാല്‍ തന്ത്രിയെ തഴഞ്ഞതില്‍ ഒരുവിഭാഗം അണികളില്‍ കടുത്ത അതൃപ്തിയാണുള്ളത.് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചപ്പോള്‍ ശ്രീകാന്ത് തനിക്കെതിരെ പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് തന്ത്രി നേരത്തെതന്നെ സംസ്ഥാനസമിതിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതി പരിഗണിക്കാന്‍ തയ്യാറായില്ലെന്നും തന്ത്രി ആരോപിക്കുന്നു.
സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പകരം ഗ്രൂപ്പ് കളിക്കുന്നവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും അണികളുടെ പരാതികള്‍ പരിഗണിക്കാന്‍ നേതൃത്വം തയ്യാറാവുന്നില്ലെന്നും അതുകൊണ്ടുതന്നെ പാര്‍ട്ടിയില്‍ തുടരാനാവില്ലെന്നുമാണ് തന്ത്രിയും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പറയുന്നത്. തന്ത്രി സജീവരാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതോടെ ബി.ജെ.പിക്ക് ജില്ലയില്‍ ക്ഷീണമുണ്ടാക്കിയേക്കും. വടക്കന്മേഖലയില് പാര്ട്ടിഅണികള്ക്കിടയില് രവീശതന്ത്രിക്ക് നല്ല സ്വാധീനമാണുള്ളത്. സംസ്ഥാനത്ത് നിയമസഭയില്‍ രണ്ടാമതൊരുസീറ്റുകൂടി കയ്യടക്കാമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നത് കാസര്‍കോടും മഞ്ചേശ്വരവുമമാണ്. എന്നാല്‍ രവീശതന്ത്രി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്നും അകന്നുനില്ക്കുന്നതോടെ ഈ മോഹം സഫലമാക്കാന്‍ പാര്‍ട്ടിക്ക് ഏറെ പ്രയാസപ്പെടേണ്ടിവരും.
0 Comments