ലുലു ഗ്രൂപ്പിന്റെ പേരില്‍ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതി പിടിയില്‍


രാജപുരം: ലുലു ഇന്റര്‍നാഷണലിന്റെ പ്രതിനിധിയാണെന്ന് പറഞ്ഞ് നാലരലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതിയെ അഞ്ച് വര്‍ഷത്തിന്‌ശേഷം രാജപുരം പോലീസ് അറസ്റ്റുചെയ്തു.
തൃശൂര്‍ ദേശമംഗലത്തെ ഹൈദ്രുവിന്റെ മകന്‍ ബഷീറിനെയാണ്(40) തൃശൂരില്‍വെച്ച് രാജപുരം എസ്.ഐ കെ.കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. 2015 ല്‍ കള്ളാര്‍ ചെരുമ്പച്ചാല്‍ മുണ്ടപ്പുഴയിലെ തോമസ് സഞ്ജ യ്‌നില്‍നിന്നുമാണ് ഇയാള്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിത്തരാമെന്ന് പറഞ്ഞ് 4.60 ലക്ഷം രൂപ തട്ടിയെടുത്തത്. അസുഖത്തെ തുടര്‍ന്ന് തോമസിന്റെ വൃക്കമാറ്റിവെക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് ഏതാണ്ട് 20 ലക്ഷത്തിലേറെ രൂപ വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഈ സമയത്താണ് തോമസ് ബഷീറുമായി പരിചയത്തിലാവുന്നത്. താന്‍ ലുലു ഗ്രൂപ്പിന്റെ പ്രതിനിധിയാണെന്നും തന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട് സൗജന്യമായി വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിത്തരാമെന്നും പറഞ്ഞാണ് തോമസില്‍നിന്നും ബഷീര്‍ പണം തട്ടിയത്.
എന്നാല്‍ പിന്നീട് തട്ടിപ്പ് തിരിച്ചറിഞ്ഞ തോമസ് ബഷീറിനെതിരെ രാജപുരം പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റുചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയശേഷം മുങ്ങിയതിനെതുടര്‍ന്ന് ഹോസ്ദുര്‍ഗ് കോടതി ബഷീറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
ബഷീറിനെ അറസ്റ്റ് ചെയ്ത സംഘത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരീഷ് ബീംബുങ്കാല്‍, അനീഷ് ഒടയഞ്ചാല്‍ എന്നിവരും ഉണ്ടായിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Post a Comment

0 Comments