നീലേശ്വരം: ആര്.എസ്.എസ്-സിപിഎം സംഘര്‍ഷത്തിനിടെ പോലീസിനെ അക്രമിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പോലീസുകാരനെ ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി വീണ്ടും കേസ്.
ആര്.എസ്.എസ് പ്രവര്ത്തകന് പടിഞ്ഞാറ്റംകൊഴുവലിലെ പരേതനായ കുട്ടന്നായരുടെ മകന് എ.രാജീവനാണ്(47) പോലീസിനെ അക്രമിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ മോട്ടോര്‍ ബൈക്കില്‍ പോവുകയായിരുന്ന രാജീവനെ സിന്‍ഡിക്കേറ്റ് ബാങ്ക് പരിസരത്ത് വെച്ച് എസ്.ഐ കെ.പി.സതീശനും സംഘവും തടഞ്ഞുനിര്‍ത്തി പിടികൂടാനുള്ള ശ്രമത്തിനിടെയാണ് സിവില്‍ പോലീസ് ഓഫീസറായ സുധീഷിന്റെ ദേഹത്തേക്ക് മോട്ടോര്‍ ബൈക്ക് കയറ്റുകയും താക്കോല്‍കൂട്ടം കൊണ്ട് മുഖത്തടിക്കുകയും കൈ പിടിച്ചൊടിക്കുകയും ചെയ്തത്. തുടര്‍ന്ന് ബലപ്രയോഗത്തില്‍ രാജീവനെ പോലീസ് കീഴ്പ്പെടുത്തി അറസ്റ്റുചെയ്യുകയായിരുന്നു.
ഡിസംബര്‍ 27 ന് നീലേശ്വരത്ത് നടന്ന ആര്.എസ്.എസ് പഥസഞ്ചലനത്തിനിടയില് സിപിഎം-ആര്.എസ്.എസ് പ്രവര്‍ത്തകര്‍തമ്മിലുണ്ടായ സംഘട്ടത്തിനിടയില്‍ പോലീസിനെ അക്രമിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന രാജീവന് ഇന്നലെ രാത്രി മര്‍ച്ചന്റ്സ് അസോസിയേഷന് എക്സിക്യുട്ടീവ് യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് പോലീസിന്റെ കണ്ണില്‍പ്പെട്ടത്. നീലേശ്വരത്തെ രാജീവ് ട്രേഡേഴ്സ് ഉടമകൂടിയായ രാജീവനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ജാമ്യം കിട്ടാത്ത വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
0 Comments