ദളിതരടക്കം പാവങ്ങള്‍ കേസില്‍ പ്രതിയായി; നേതാക്കള്‍ മിടുക്കന്മാര്‍, അമര്‍ഷം പുകയുന്നു


വെള്ളരിക്കുണ്ട്: പരപ്പ മുണ്ടത്തടം കരിങ്കല്‍ ക്വാറിക്കും ക്രഷറിനും എതിരെയുള്ള സമരത്തില്‍ പങ്കെടുത്ത 16 പേര്‍ക്ക് കോടതിയില്‍ നിന്നും സമന്‍സ്.
കോടതി നിര്‍ദ്ദേശപ്രകാരം പോലീസ് സംരക്ഷണത്തോടെ കരിങ്കല്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്ന ലോറികള്‍ മുണ്ടത്തടത്തുവെച്ച് തടഞ്ഞ രാധാവിജയന്‍, ഡാല്‍വി.പി.പി, കെ.ശാന്ത, എം.ശാന്തിനി, പുഷ്പ, അപ്പു എന്ന ശരത് മോഹന്‍, കെ.മോഹനന്‍, പി.രഘു, രാജന്‍, കെ.രാഹുല്‍, കെ.രാമന്‍, സജിത്ത് മോഹന്‍ എന്നിവര്‍ക്കാണ് ഹോസ്ദുര്‍ഗ് കോടതിയില്‍ നിന്നും സമന്‍സ് ലഭിച്ചത്. പോലീസിനെ കയ്യേറ്റം ചെയ്തതടക്കം ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്താണ് വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
കേസില്‍ പ്രതികളായ 16 പേരും പാവങ്ങളാണ്. അന്നന്നത്തെ അന്നത്തിന് വഴിതേടുന്നവര്‍. എന്നാല്‍ സമരത്തിന് നേതൃത്വം നല്‍കിയ രാഷ്ട്രീയപാര്‍ട്ടിനേതാക്കളില്‍ ഒരാള്‍പോലും കേസില്‍ പ്രതികളല്ല. കെ.പി.ബാലകൃഷ്ണന്‍, യു.വി.മുഹമ്മദ്കുഞ്ഞി, സാധുജന പരിഷത്ത് നേതാവ് അനീഷ് പയ്യന്നൂര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ സണ്ണിപൈകട, ബി.ജെ.പി നേതാവ് വര്‍ണ്ണം പ്രമോദ്, കോണ്‍ഗ്രസ് നേതാക്കളായ ഉമേശന്‍ വേളൂര്‍, സി.വി.ഭാവനന്‍, എം.പി ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. ഇവരില്‍ ഒരാള്‍പോലും കേസില്‍ പ്രതിയായില്ല എന്നതാണ് വിചിത്രം. ദളിതരേയും പാവപ്പെട്ടവരേയും സമരമുഖത്തേക്ക് തള്ളിവിട്ട് നേതാക്കള്‍ മാറിനില്‍ക്കുകയായിരുന്നു. ഫെബ്രുവരി 20 ന് കോടതിയില്‍ ഹാജരാവാനാണ് സമന്‍സ്. അഭിഭാഷകന്‍ മുഖേന ജാമ്യക്കാരുമായാണ് ഹാജരാവേണ്ടത്. വക്കീലിനെ നിയോഗിച്ച് 16 പേരും ഏറെക്കാലം കേസ് നടത്തണം. പോലീസ് സ്വമേധയാ എടുത്ത കേസായതിനാല്‍ പ്രതികളെ കോടതി ശിക്ഷിക്കാനുള്ള സാധ്യത ഏറെയാണ്. 'നിങ്ങള്‍ തടയൂ ദളിതരായതിനാല്‍ നിങ്ങളെ ആരും ഒന്നും ചെയ്യില്ല' എന്നായിരുന്നു നേതാക്കളുടെ ഉറപ്പ്. ഇത് വിശ്വസിച്ചാണ് കരിങ്കല്‍ കയറ്റിവന്ന ലോറി സമരക്കാര്‍ തടഞ്ഞത്. ആദ്യഘട്ടത്തില്‍ സമരത്തിന് ആവേശം പകര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമേശന്‍ വേളൂര്‍, എം.പി.ജോസഫ് ചുരുങ്ങിയകാലംകൊണ്ട് സമരനായിക എന്ന ബഹുമതി നേടിയ രാധാവിജയന്‍ എന്നിവര്‍ സമരരംഗത്തുനിന്നും പിന്മാറി. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇതേവാര്‍ഡില്‍ മത്സരിക്കേണ്ടതുള്ളതിനാല്‍ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം വരെ സമരരംഗത്തുനിന്നും പിന്മാറാന്‍ കഴിയില്ലെന്ന നിലപാടിലാണത്രെ കെ.പി.ബാലകൃഷ്ണന്‍. കേസില്‍ കുടുങ്ങിയ പാവങ്ങളെ കേസ് അവസാനിക്കും വരെ ആര് സഹായിക്കും എന്ന ചോദ്യം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്.
ഒന്നോ, രണ്ടോ മാസങ്ങള്‍കൊണ്ട് തീരുന്നതല്ല ക്രിമിനല്‍കേസ്. കേസ് അവസാനിക്കാന്‍ വര്‍ഷങ്ങളെടുക്കും. കോടതിയില്‍ പോകുന്ന ദിവസം കൂലിപ്പണിക്ക് പോകാന്‍കഴിയില്ല. പ്രത്യേകം വക്കീലിനെ നിയോഗിച്ച് ഓരോ അവധിക്കും ഫീസ് നല്‍കണം. വിചാരണയുടെ സമയത്തും വാദത്തിന്റെ സമയത്തും ഫീസ് കനക്കും. ആര് വഹിക്കും ഇതെല്ലാം എന്ന് കേസിനെകുറിച്ച് അറിയുന്നവര്‍ ചോദിച്ചുതുടങ്ങിയിട്ടുണ്ട്.
ഇതിനിടയില്‍ ജില്ലാ ഭവനനിര്‍മ്മാണ സഹകരണ സംഘത്തില്‍നിന്നും സ്വത്ത് ഈടുവെച്ച് കെ.പി.ബാലകൃഷ്ണനെടുത്ത വായ്പയുടെ ഗഡു തിരിച്ചടക്കാതെ സ്വത്ത് ജപ്തി നടപടികളിലാണ.് വണ്‍ടൈം സെറ്റില്‍മെന്റ് പ്രകാരം 2019 മാര്‍ച്ച് 31 നകം തുക അടക്കാമെന്ന ഉറപ്പില്‍ 2019 ജനുവരിമാസത്തില്‍ സൊസൈറ്റിയില്‍ നിന്നും മടങ്ങിയ ബാലകൃഷ്ണന്‍ തൊട്ടടുത്ത ദിവസം കുറച്ചുപണം അടച്ചതല്ലാതെ പിന്നീട് അതുവഴി പോയിട്ടില്ല. സൊസൈറ്റി ഭരണസമിതി അംഗം സി.വി.ഭാവനന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഈ പ്രശ്‌നം ഒതുക്കിവെച്ചിരിക്കുകയാണ്.
സാധാരണ മെമ്പര്‍മാര്‍ക്കും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.പി.ബാലകൃഷ്ണനും ഭരണസമിതി രണ്ടുതരം പരിഗണന നല്‍കുന്നത് മെമ്പര്‍മാരുടെ ഇടയില്‍ അമര്‍ഷം വളര്‍ത്തിയിട്ടുണ്ട്.

Post a Comment

0 Comments