ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല


കൊല്ലം: ദേവനന്ദയുടെ മൃതദേഹം ആറ്റില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങുന്നില്ല. വീടിനുള്ളിലെ ഹാളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി വാതില്‍ തുറന്ന് പൊന്തക്കാട്ടിനിടയിലൂടെ ആറ്റിലേക്ക് എത്താനുള്ള സാദ്ധ്യതകള്‍ വളരെ കുറവാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. തീര്‍ത്തും ഗ്രാമ പ്രദേശമാണിവിടം. ഒരു ഭാഗത്തേക്ക് തിരിഞ്ഞാല്‍ റോഡിലേക്കും മറുവശത്തേക്കുള്ള വഴി ആറ്റിലേക്കും മറ്റൊരുവഴി പൊന്തക്കാടുകളിലേക്കുമാണെത്തുക. വീടിനകത്തുണ്ടായിരുന്ന കുട്ടി ഈ ഭാഗത്തേക്ക് സ്വയം ഇറങ്ങി നടക്കേണ്ട സാഹചര്യമില്ല. രണ്ട് വര്‍ഷം മുന്‍പ് കുട്ടി ഇങ്ങനെ നടന്നുപോയിട്ടുണ്ടെങ്കിലും പിന്നീട് തീര്‍ത്തും പക്വതയോടെയാണ് ഇടപെട്ടിരുന്നതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.
അമ്മയോട് പറയാതെ ഒരു കാരണവശാലും ആറ്റു തീരത്തേക്ക് പോകാനുമിടയില്ല. ആ നിലയില്‍ മറ്റേതെങ്കിലും തരത്തില്‍ സംഭവത്തിന് ബന്ധമുണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിച്ചുവരുന്നത്. മുതിര്‍ന്നവര്‍ പോലും പോകാന്‍ മടിക്കുന്ന ഭാഗത്തേക്ക് കുട്ടി ഒറ്റയ്ക്ക് പോകില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്ന് മൃതദേഹം കണ്ടെത്തിയ സമയം മുതല്‍ നാട്ടുകാര്‍ പറയുന്നത് കുട്ടിയെ അപായപ്പെടുത്തിയ ശേഷം ഇവിടെ കൊണ്ടിട്ടതാകാമെന്നാണ്. വെള്ളം കുടിച്ചാണ് മരണമെന്ന് സംശയിക്കുന്നു. മൃതദേഹം തടിച്ച് വീര്‍ത്തിരുന്നു. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച ശേഷം അപായപ്പെടുത്തിയതാകാമെന്ന സംശയവും ഉയരുന്നുണ്ട്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം, ഫോറന്‍സിക് പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കഴിയുകയുള്ളുവെന്നാണ് പോലീസ് പറയുന്നത്.
ദേവനന്ദയ്ക്ക് പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ദേവനന്ദയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അനുശോചനം രേഖപ്പെടുത്തി.
വിദ്യാഭ്യാസമന്ത്രി സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തിയപ്പോള്‍ മരണം ഏറെ വേദനിപ്പിക്കുന്നുവെന്ന് മന്ത്രി ഇ.പി.ജയരാജനും വ്യക്തമാക്കി.
ദേവനന്ദയുടെ മരണത്തില്‍ സൂപ്പര്‍താരം മമ്മൂട്ടിയും ആദരാഞ്ജലി അറിയിച്ചു. യുവതാരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, അജു വര്‍ഗീസ്, നിവിന്‍ പോളി തുടങ്ങിയവരും ആദരാഞ്ജലികള്‍ നേര്‍ന്നു. ഒരുനാടിന്റെ തിരച്ചില്‍ വിഫലമായെന്ന് കുഞ്ചാക്കോ ബോബന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Post a Comment

0 Comments