കാഞ്ഞങ്ങാട്: സംസ്ഥാനത്തെ സ്പെഷ്യല്‍ സ്കൂളുകള്‍ക്കായി സര്‍ക്കാര്‍ അംഗീകരിച്ച പ്രത്യേക പാക്കേജ് നടപ്പിലാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് 25 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടും പാക്കേജ് നടപ്പിലാക്കാതെ നീട്ടികൊണ്ടു പോകരുതെന്ന് പാരന്റ്സ് അസോസിയേഷന് ഫോര്‍ ഇന്റലക്ച്വലി ഡിസെബില്ഡ് ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു.
സ്പെഷ്യല്‍ സ്കൂള്‍ മേഖലയിലെ എല്ലാ സംഘടനകളും ഒത്തുചേര്‍ന്ന് നടത്തിയ പ്രക്ഷോഭത്തിന്റെ അടിസ്ഥാനത്തിലാണ് പത്തു മാസം മുമ്പ് സ്പെഷ്യല്‍ സ്കൂളുകള്‍ക്കായി പ്രത്യേക പാക്കേജ് സര്‍ക്കാര്‍ അംഗീകരിച്ചത്.ഇപ്രകാരം പാക്കേജ് നടപ്പിലാക്കാന്‍ 25 കോടി രൂപ കൈമാറിയിട്ട് മാസങ്ങള്‍ പലത് കഴിഞ്ഞിട്ടും പാക്കേജ് നടപ്പിലാക്കാതെ വിദ്യാഭ്യാസ വകുപ്പ് സ്പെഷ്യല്‍ സ്കൂളുകളെ പ്രയാസപ്പെടുത്തുകയാണെന്ന് കണ്വെന്ഷന് ചൂണ്ടിക്കാട്ടി.
പെയ്ഡ് സംസ്ഥാന പ്രസിഡണ്ട് കെ.എം.ജോര്‍ജ് ഉല്‍ഘാടനം ചെയ്തു. പാക്കേജ് നടപ്പിലാക്കാന്‍ കാലതാമസം വരുത്തി മറ്റൊരു പ്രക്ഷോഭം ക്ഷെണിച്ചു വരുത്തരുതെന്ന് ജോര്‍ജ്ജ് സര്‍ക്കറിനു മുന്നറിയിപ്പ് നല്കി.
ജില്ലാ പ്രസിഡണ്ട് എ.ടി. ജേക്കബ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡണ്ട്മാരായ ടി.മുഹമ്മദ് അസ്ലം, ബേബി തോമസ്, റോട്ടറി സ്കൂള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.സുരേഷ്, പി.സുബൈര്‍ നീലേശ്വരം, എന്നിവര്‍ പ്രസംഗിച്ചു.
ജില്ലയിലെ സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാറുകളില്‍ നിന്ന് ലഭ്യമാവുന്ന ആനുകൂല്ല്യങ്ങള്‍ സംബന്ധിച്ച രൂപരേഖകള്‍ അടങ്ങിയ ഫയല്‍ ജില്ലയിലെ സ്പെഷ്യല്‍ സ്കൂള്‍ അധികൃതര്‍ സംസ്ഥാന പ്രസിഡണ്ടില്‍ നിന്നും സ്വീകരിച്ചു. റോട്ടറി സ്പെഷ്യല്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ബീന സുകു സ്വാഗതവും സ്കൂള്‍ സ്റ്റാഫ് സെക്രട്ടറി ആര്.ഷൈനി നന്ദിയും പറഞ്ഞു.
0 Comments