ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണത്തിന് നാളെ പത്തുവയസ്


കാസര്‍കോട്: സമസ്ത വൈസ് പ്രസിഡണ്ടും ചെമ്പരിക്ക, മംഗലാപുരം ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മാലവിയുടെ ദുരൂഹ മരണത്തിന് നാളെ 10 വര്‍ഷം പൂര്‍ത്തിയാകുന്നു. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും സി.ബി.ഐയും മാറിമാറി കേസ് അന്വേഷിച്ചിട്ടും ഇതുവരെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഖാസി ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നു. സി.ബി.ഐയുടെ പുതിയ സ്‌പെഷ്യല്‍ ടീമിനെ കൊണ്ട് അന്വേഷണം നടത്തണമെന്ന ആവശ്യത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണെന്ന് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ.സുരേന്ദ്രനാഥ് പറഞ്ഞു.
കോടതി നിര്‍ദ്ദേശ പ്രകാരം ഏറ്റവും ഒടുവിലായി പുതുച്ചേരിയിലെ വൈദ്യശാസ്ത്ര ഗവേഷണ കേന്ദ്രമായ ജിപ്‌മെറിലെ അഡീഷണല്‍ പ്രൊഫസര്‍ ഡോ. വികാസ് മേനോന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ ആത്മഹത്യയെന്ന മുന്‍ നിഗമനത്തില്‍ നിന്നും സി.ബി .ഐ പിന്നോട്ട് പോവുകയും അപകടം മൂലമുള്ള അസ്വഭാവിക മരണമെന്ന രീതിയിലാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തത്. സി.ബി.ഐയുടെ മുന്‍ നിലപാടില്‍ നിന്നുള്ള മാറ്റം തന്നെ മരണത്തിലെ ദുരൂഹത വര്‍ദ്ധിപ്പിച്ചതായി ആക്ഷന്‍ കമ്മിറ്റി പറയുന്നു. ഖാസിയുടെ മരണം കൊലപാതകമെന്ന് തന്നെയാണെന്ന വാദത്തില്‍ ആക്ഷന്‍ കമ്മിറ്റി ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. അഡ്വ. പി.എ.പൗരന്‍, അഡ്വ.കെ. കെ.രാജേന്ദ്രന്‍, സാമൂഹ്യ പ്രവര്‍ത്തക എല്‍സി എന്നിവരുടെ ജനകീയ അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഒരു മാസത്തിനകം തന്നെ പുറത്തുവരുമെന്ന് ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കുന്നു.
ഈ അന്വേഷണ സംഘത്തിന് നിര്‍ണായകമായ ഒരുപാട് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത് പുറത്തുവിടുന്നതോടെ ഖാസിയുടെ മരണം സംബന്ധിച്ച കാര്യങ്ങള്‍ക്ക് കുറച്ചുകൂടി വ്യക്തത കൈവരുമെന്നും സ്‌പെഷ്യല്‍ ടീമിനെ നിയമിച്ചാല്‍ ജനകീയ അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ട് കൂടി പ്രയോജനപ്പെടുമെന്നാണ് ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നത്. അന്വേഷണം സ്‌പെഷ്യല്‍ ടീമിനെ ഏല്‍പ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയും മറ്റും നല്‍കിയ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ഇതിനു പിന്നില്‍ വലിയ ശക്തി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ആക്ഷന്‍ കമ്മിറ്റി പറയുന്നത്. അന്വേഷണത്തിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പോലും കൃത്രിമം നടത്താന്‍ കഴിവുള്ള വമ്പന്മാര്‍ തന്നെയാണ് ഖാസിയുടെ മരണത്തിന് പിന്നിലുള്ളതെന്നാണ് ഇവരുടെ വാദം. സഹായമില്ലാതെ ഖാസി ഒരിക്കലും വീട്ടില്‍ നിന്നും പുറത്തിറങ്ങില്ലെന്ന് തന്നെയാണ് വിശ്വാസം. ഏതോ ശക്തി ഖാസിയെ ചെമ്പരിക്ക കടുക്കകല്ലില്‍ എത്തിച്ചിരിക്കാമെന്നാണ് കരുതുന്നത്.
പിന്നീട് അദ്ദേഹത്തെ അപകടത്തില്‍പെടുത്തി എന്നുതന്നെയാണ് ആക്ഷന്‍ കമ്മിറ്റി വിശ്വസിക്കുന്നത്. ഇതിന്റെയെല്ലാം സത്യാവസ്ഥയാണ് പുറത്തുവരേണ്ടത്.

Post a Comment

0 Comments