കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസില്‍ പുനസംഘടന ആസന്നമായിരിക്കെ ഭാരവാഹിത്വം നേടാന്‍ നേതാക്കള്‍ വ്യാജ ജനനസര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കുന്നു.
യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് 35 വയസുവരെയാണ് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ ഭാരവാഹികളാവാന്‍ കുപ്പായംതുന്നിയ നേതാക്കളില്‍ പലരും 35 വയസ്സ് കഴിഞ്ഞവരാണ്. 35 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് യാതൊരുകാരണവശാലും ഭാരവാഹിത്വം നല്‍കേണ്ടതില്ലെന്നാണ് രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശം. ഇതോടെഭാരവാഹിത്വം മോഹിച്ച നേതാക്കള്‍ വെട്ടിലാവുകയായിരുന്നു. ജില്ലയില്‍തന്നെ നിരവധിപേര്‍ ഭാരവാഹികളാവാന്‍ വ്യാജ ജനനസര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ഭാരവാഹികളാവുന്നവര്ക്കെതിരെ പരാതിനല്കാന് എതിര്‍വിഭാഗത്തില്‍പ്പെട്ടവര്‍ ഇവരുടെ യഥാര്‍ത്ഥ ജനനസര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ളവര്‍ ഭാരവാഹികളായാല്തന്നെ സംസ്ഥാന ദേശീയ നേതൃത്വങ്ങള്‍ക്ക് യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പരാതിനല്‍കാനാണ് ഇവരുടെ നീക്കം.
ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് മനാഫ് നുള്ളിപ്പാടിയും പ്രദീപ്കുമാറുമാണ് പരിഗണനാലിസ്റ്റിലുള്ളത്. ഇവര്‍ക്കൊപ്പം ജനറല്‍സെക്രട്ടറി, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍ നേടാനും എ, ഐ വിഭാഗങ്ങളില്‍പ്പെട്ട പലരും ചരടുവലികള്‍ ആരംഭിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിലും വ്യാജ ജനനസര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കിയവരുണ്ടത്രെ. മുമ്പ് 40 നും 50 നും ഇടയില്‍ പ്രായമുള്ള മധ്യവയസ്ക്കന്മാരും യൂത്ത് കോണ്‍ഗ്രസിന്റെ അമരത്തിരുന്ന പാരമ്പര്യമുണ്ട്.
0 Comments