കാഞ്ഞങ്ങാട് രാമചന്ദ്രനും ഇ.വി.ജയകൃഷ്ണനും പുരസ്‌കാരം


കാഞ്ഞങ്ങാട്: പെരിയ പുലി ഭൂത ദേവസ്ഥാനം നര്‍ത്തകാചാര്യനും ആദ്ധ്യാത്മിക പ്രവര്‍ത്തകനുമായിരുന്ന പെരിയ ചാണവളപ്പില്‍ കുട്ടി വെളിച്ചപ്പാടന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ സംഗീത ശ്രേഷ്ഠ പുരസ്‌കാരത്തിന് സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രനേയും മാധ്യമ ശ്രേഷ്ഠ പുരസ്‌കാരത്തിന് മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ.വി.ജയകൃഷ്ണനേയും തിരഞ്ഞെടുത്തു.
ഭക്തിഗാന രംഗത്ത് നല്‍കിയ വിലമതിക്കാനാകാത്ത സംഭാവനകളാണ് കാഞ്ഞങ്ങാട് രാമചന്ദ്രനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച തെയ്യങ്ങളെയും കാവുകളെയും അനുഷ്ഠാനങ്ങളേയും സംബന്ധിച്ച വിവിധ റിപ്പോര്‍ട്ടുകളും ആധ്യാത്മിക മേഖലയുമായി ബന്ധപ്പെട്ട നിരവധി ഫീച്ചറുകളുമാണ് ജയകൃഷ്ണനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
10,001 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമാണ് പുരസ്‌കാരം. പൂരക്കളിമറത്തു കളി രംഗത്തെ സമഗ്ര സംഭാവനകളെ പരിഗണിച്ച് കാഞ്ഞങ്ങാട്ടെ പി.ദാമോദരപ്പണിക്കര്‍ക്ക് ഫോക്‌ലോര്‍ പുരസ്‌കാരം നല്‍കും. 5001 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമാണ് പുരസ്‌കാരം.
മാര്‍ച്ച് ആറിന് പെരിയ പുലിഭൂത ദേവസ്ഥാനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ഉത്തര മലബാര്‍ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജന്‍ പെരിയ, പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്ത് മുന്‍ ,പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന്‍, സി.കമലാക്ഷന്‍, സി.പുരുഷോത്തമന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments