നീലേശ്വരത്തെ കയ്യേറ്റഭൂമി ഒഴിപ്പിച്ച് നഗരസഭ ഏറ്റെടുക്കും


നീലേശ്വരം: നീലേശ്വരം നഗരസഭയുടെ അധീനതയിലുള്ള ഭൂമി സ്വകാര്യവ്യക്തികള്‍ കയ്യേറിയത് തിരിച്ചുപിടിച്ച് സംരക്ഷിക്കുമെന്ന് ചെയര്‍മാന്‍ പ്രൊഫ. കെ.പി.ജയരാജന്‍ പറഞ്ഞു. നഗരസഭയിലെ അഞ്ചേക്കറോളം ഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ കയ്യേറി മണ്ണിട്ട് നികത്തിയത്. റവന്യു വകുപ്പിന്റെ സഹായത്തോടെ ഭൂമി അളന്ന് തിട്ടപ്പെടുത്തി. കച്ചേരിക്കടവ്, നീലേശ്വരം പാലത്തിന് പടിഞ്ഞാറ് ഭാഗം, ബലിയപട്ടം ടൈല്‍സിന് സമീപം കച്ചേരി കടവ് എന്നിവിടങ്ങളിലാണ് കയ്യേറിയ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയത്.
അളന്ന് തിട്ടപ്പെടുത്തിയ സ്ഥലത്ത് നഗരസഭ അടുത്തുതന്നെ കല്ല് കെട്ടിയോ, കമ്പിവേലി കെട്ടിയോ സംരക്ഷിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. ഇവ ഏറ്റെടുത്ത് സംരക്ഷിച്ചതിന് ശേഷം നഗരസഭയുടെ പരിധിയിലുള്ള മറ്റ് കയ്യേറ്റ ഭൂമികളും അളന്ന് തിട്ടപ്പെടുത്തി നഗരസഭ ഏറ്റെടുത്ത് സംരക്ഷിക്കും. കോട്ടപ്പുറം, കടിഞ്ഞിമൂല, ആനച്ചാല്‍, കച്ചേരി പുഴയോരം, തൈക്കടപ്പുറം ഭാഗങ്ങളിലും ഇപ്പോള്‍ സ്വകാര്യ വ്യക്തികള്‍ പുഴ കയ്യേറി മണ്ണിട്ട് നികത്തി തെങ്ങിന്‍തൈ നട്ടുപിടിപ്പിച്ചിട്ടുണ്ട്. പുഴയോരങ്ങളും തോടുകളുമാണ് സ്വകാര്യ വ്യക്തികള്‍ മണ്ണിട്ട് നികത്തി കയ്യേറിയത്.
ഒരു വര്‍ഷം മുമ്പുതന്നെ കയ്യേറ്റങ്ങള്‍ നഗരസഭ കണ്ടെത്തിയിരുന്നു. കയ്യേറ്റഭൂമി കണ്ടെത്തിയ വിവരം സ്വകാര്യ വ്യക്തികളെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. അതിന് ശേഷം കയ്യേറ്റങ്ങള്‍ അല്‍പ്പം കുറഞ്ഞുവെങ്കിലും ഇപ്പോള്‍ വീണ്ടും സജീവമായിരിക്കുകയാണ്.

Post a Comment

0 Comments