കൂള്‍ബാറില്‍ മറന്ന പെഴ്‌സ് യുവാവ് അടിച്ചുമാറ്റി


പയ്യന്നൂര്‍: കൂള്‍ബാറില്‍ മറന്നുവെച്ച പെഴ്‌സ് യുവാവ് അടിച്ചുമാറ്റി. കഴിഞ്ഞ ദിവസം കണ്ടോത്ത് കോത്തായിമുക്കിലെ കടയില്‍ നിന്നാണ് യുവാവ് പഴ്‌സ് മോഷ്ടിച്ചത്. കണ്ടോത്തെ എം.പി.രവി ജ്യൂസ് കഴിച്ച് സാധനങ്ങള്‍ വാങ്ങിയ ശേഷം പഴ്‌സ് മേശപ്പുറത്ത് മറന്നുവെച്ച് പുറത്തേക്കിറങ്ങിപോവുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോഴാണ് പഴ്‌സ് മറന്ന കാര്യമറിഞ്ഞത്. തിരിച്ചെത്തിയപ്പോഴേക്കും പഴ്‌സ് കാണാനില്ലായിരുന്നു. തുടര്‍ന്ന് സി.സി. ടി.വി പരിശോധിച്ചപ്പോഴാണ് ഒരു യുവാവ് പഴ്‌സ് കൈക്കലാക്കി കടന്നുകളയുന്നതിന്റെ ദൃശ്യം ലഭിച്ചത്.
തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അതിനിടെ വൈകുന്നേരത്തോടെ ദേശീയപാതയോരത്തെ മറ്റൊരു കടയുടെ മുന്നില്‍ നിന്ന് പഴ്‌സ് കണ്ട് കാല്‍നട യാത്രക്കാര്‍ അതെടുത്തു കടയില്‍ ഏല്‍പിച്ചു. ലൈസന്‍സും ആധാര്‍ കാര്‍ഡും കണ്ട് രവിയെ വിവരം അറിയിക്കുകയും രവി എത്തി പരിശോധിച്ചപ്പോള്‍ പഴ്‌സില്‍ പണവും എ ടി എം കാര്‍ഡും താക്കോലും ഉണ്ടായിരുന്നില്ല. ബാങ്കില്‍ നേരത്തെ അറിയിപ്പു നല്‍കി എ ടി എം ബ്ലോക്ക് ചെയ്തിരുന്നു. വീട്ടില്‍ എത്തിയ ഉടനെ വീടിന്റെ പൂട്ടും മാറ്റി. യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഴ്‌സുമായി കടന്നുകളഞ്ഞ യുവാവിന്റെ സിസി ടി വി ദൃശ്യം പോലീസ് പുറത്തുവിട്ടു.

Post a Comment

0 Comments