ബേക്കലിലെ സ്വര്‍ണ്ണവേട്ട: ബോസിനെ കണ്ടെത്താന്‍ അന്വേഷണം


കാഞ്ഞങ്ങാട്: കഴിഞ്ഞദിവസം ബേക്കലില്‍നിന്നും പതിനഞ്ചര കോടിയുടെ സ്വര്‍ണ്ണം പിടിച്ചെടുത്ത സംഭവത്തില്‍ ഉടമയായ ബോസിനെ കണ്ടെത്താന്‍ കസ്റ്റംസ് അന്വേഷണം ഊര്‍ജിതമാക്കി. തലശേരിയില്‍നിന്നും മുംബൈയിലേക്ക് കടത്തുകയായിരുന്ന സ്വര്‍ണ്ണവുമായാണ് കഴിഞ്ഞദിവസം രണ്ടു മഹാരാഷ്ട്ര സ്വദേശികള്‍ പിടിയിലായത്. ഇവര്‍ വെറും കാരിയര്‍മാരാണെന്ന് കരുതുന്നു. അതുകൊണ്ടുതന്നെ ഇവര്‍ക്ക് സ്വര്‍ണക്കടത്തിനു പിന്നിലാരെന്ന് അറിയില്ലെന്ന് കസ്റ്റംസ് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ഇവര്‍ക്ക് നിശ്ചിത തുക നല്‍കിയാണ് കാരിയര്‍മാരാക്കുന്നത്.
കാരിയറുടെ ഫോട്ടോയും മൊബൈല്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സ്വര്‍ണം വാങ്ങാനെത്തുന്ന ഏജന്റിന് ഇടനിലക്കാര്‍ അയച്ചു കൊടുക്കും. നിശ്ചിത സ്ഥലത്ത് കാത്തുനില്‍ക്കുന്ന ഏജന്റ് കാരിയറില്‍നിന്നു സ്വര്‍ണ്ണംകൈപ്പറ്റും.
കാരിയറില്‍നിന്ന് സ്വര്‍ണം കൈപ്പറ്റി മറ്റൊരാള്‍ക്ക് എത്തിച്ചുകൊടുക്കുന്നതോടെ ഏജന്റിന്റെ ജോലി കഴിയും. അതിനുമുകളിലുള്ള ആളുകളെ കുറിച്ച് ഇയാള്‍ക്കും അറിയില്ല. ഏജന്റ് സ്വര്‍ണം കൈമാറിയ ആളെ ഒരിക്കല്‍ ചോദ്യം ചെയ്തിട്ടും കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ല. സ്വര്‍ണക്കടത്ത് ശൃംഖലയില്‍ തൊട്ടുതാഴെ വരുന്നവരെകുറിച്ച് മാത്രമേ ഭൂരിപക്ഷം പേര്‍ക്കും അറിവുണ്ടാകൂ. ഇത്തരത്തില്‍ പിടിക്കപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും അടച്ചശേഷമാണ് സ്വര്‍ണക്കടത്ത്.
ലാഭം കൂടുതല്‍ ലഭിക്കുന്ന സാഹചര്യം ഉടലെടുത്തതോടെ അടുത്തിടെ സ്വര്‍ണക്കടത്ത് വന്‍തോതില്‍ വര്‍ദ്ധിച്ചുവെന്നും ഇതിനു പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്നും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇത്തരത്തില്‍ വിവരങ്ങള്‍ ലഭ്യമായിട്ടും കസ്റ്റംസിനും എന്‍ഫോഴ്‌സ്‌മെന്റിനും കാര്യക്ഷമമായി സ്വര്‍ണക്കടത്ത് തടയാന്‍ സാധിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

Post a Comment

0 Comments