ജസ്റ്റീസ് മുരളീധറിനെ സ്ഥലം മാറ്റിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്


ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ ബിജെപി നേതാക്കളുടെ പ്രകോപന പ്രസ്താവനകളെ വിമര്‍ശിച്ച ഡല്‍ഹി ഹൈക്കോടതി ജഡ്ജിയെ സ്ഥലം മാറ്റിയ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. നടപടി ലജ്ജാകരമെന്ന രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധിയാണ് രംഗത്ത് വന്നിരിക്കുന്നത്. നടപടി അപ്രതീക്ഷിതമൊന്നും അല്ലെന്നാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. സ്ഥലം മാറ്റ ഉത്തരവിറങ്ങിയതില്‍ ഞെട്ടലല്ല നാണക്കേട് ആണെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. ജുഡീഷ്യറിയിലുള്ള സാധാരണക്കാരുടെ വിശ്വാസ്യതയെ തന്നെ നഷ്ടമാക്കുമെന്നും പറഞ്ഞു.
പ്രതികാര രാഷ്ട്രീയ നടപടിയെന്നാണ് ഇതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചത്. കലാപവുമായി ബന്ധപ്പെട്ട് ലഹളയിലേക്ക് നയിക്കുന്ന രീതിയില്‍ പ്രകോപന പ്രസ്താവന നടത്തിയ കപില്‍ മിശ്രയും കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ അടക്കം നാല് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടി നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് അര്‍ദ്ധരാത്രി ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റി ഉത്തരവിറങ്ങിയത്.
നാല് പേരുടെ പ്രസംഗം പരിശോധിച്ച് യുക്തമായ നടപടിയെടുത്ത് കോടതിയെ അറിയിക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് ഉത്തരവ്. സാധാരണ സ്ഥലം മാറ്റം ഉത്തരവ് ഇറങ്ങി 14 ദിവസം സമയം കിട്ടുമെന്നിരിക്കെ ഏത്രയും വേഗം പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ ചുമതല ഏല്‍ക്കണം എന്ന നിര്‍ദ്ദേശമാണ് കിട്ടിയത്. സാവകാശം പോലും നല്‍കാതെ രായ്ക്കു രാമാനം സ്ഥലം മാറ്റിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
അതേസമയം സ്ഥലംമാറ്റം കൊളീജിയം തീരുമാനപ്രകാരമാണെന്നും ഇക്കാര്യത്തില്‍ ജസ്റ്റീസ് മുരളീധറിന്റെ അനുമതി വാങ്ങിയിരുന്നതായും കോണ്‍ഗ്രസ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

Post a Comment

0 Comments