കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരിയില്‍ വയല്‍നികത്തിയുള്ള സ്വകാര്യ ആശുപത്രി നിര്‍മ്മാണത്തിനെതിരെ ഇതുവരെ കണ്ണടച്ച സിപിഎമ്മിന്റെ കൊടി സ്വകാര്യ ആശുപത്രിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു.
സ്വകാര്യ ആശുപത്രിയുടെ കവാടത്തിനോടുചേര്ന്നുള്ള വയലില്‍ കഴിഞ്ഞദിവസം മണ്ണ് ഇറക്കിയിരുന്നു. ഇവിടെയാണ് കൊടിനാട്ടിയത്. മണ്‍കൂനയില്‍ പലപ്പോഴും സിപിഎമ്മുകാര്‍ കൊടിനാട്ടാറുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ അത് അപ്രത്യക്ഷമാവുകയും ചെയ്യും. ഇത് എപ്പോള്‍ അപ്രത്യക്ഷമാവുമെന്നാണ് പരിസരവാസികള്‍ ഉറ്റുനോക്കുന്നത്.
വയല്‍നികത്തിയുള്ള ആശുപത്രി നിര്‍മ്മാണം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും ഇത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. വമ്പന്‍സ്രാവുകളാണ് വയല്മണ്ണിട്ട് നികത്തിയുള്ള ആശുപത്രി നിര്‍മ്മാണത്തിന് പിന്നില്‍. സ്വകാര്യ ആശുപത്രിയുടെ തൊട്ടടുത്ത് താമസിക്കുന്ന സിപിഎം മുനിസിപ്പല്‍ കൗണ്‍സിലര്‍ ഗംഗാരാധാകൃഷ്ണനും ഇതിനെതിരെ ഇതേവരെ കാര്യമായി പ്രതികരിച്ചിട്ടില്ല. പാവപ്പെട്ടവന് വയല്‍നികത്തി വീടുകെട്ടിയാല്‍ സ്റ്റോപ്പ് മെമ്മോ നല്കുന്ന പതിവ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്ക്കുണ്ട്. ഇവിടെ ആശുപത്രി അഞ്ചുനിലകളിലായി കെട്ടിപൊക്കിയിട്ടുണ്ട്. കാര്യമായ തടസ്സങ്ങളൊന്നും ഇതേവരെയില്ല. അനധികൃത ആശുപത്രി നിര്‍മ്മാണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജനങ്ങളോട് അവര്‍ കോടതിയില്‍ പോയി അംഗീകാരം വാങ്ങട്ടെ എന്നുമാത്രമാണ് മുനിസിപ്പല്‍ കൗണ്‍സിലറുടെ മറുപടി.
അനധികൃത കെട്ടിടനിര്‍മ്മാണത്തിനെതിരെ നടപടി സ്വീകരിക്കാത്ത കാഞ്ഞങ്ങാട് നഗരസഭയുടെ ഇരട്ടത്താപ്പ് ജനങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനുള്ളതുകൊണ്ട് തിരഞ്ഞെടുപ്പ് ചിലവിലേക്ക് ആശുപത്രി ലോബിയില്‍ നിന്നും നല്ലൊരു ഫണ്ടുവാങ്ങാം എന്ന കണക്കുകൂട്ടലിലാവാം രാഷ്ട്രീയപാര്‍ട്ടികള്‍ ഇതിനെതിരെ പ്രതികരിക്കാത്തതെന്നാണ് പരിസരവാസികളുടെ വിലയിരുത്തല്‍.
ആകാശ് കണ്വെന്ഷന് സെന്ററിന്റെ എതിര്‍വശത്തുനിന്നും വെള്ളായിപാലത്തിലേക്ക് പോകുന്ന റോഡിന്റെ തെക്കും, പഴയ ഖാജാ ടൂറിസ്റ്റ് ഹോമിന്റെ കിഴക്ക് ഭാഗത്തുമായാണ് അഞ്ചുനിലകളുള്ള കൂറ്റന്‍ സ്വകാര്യാശുപത്രികെട്ടിടം നിര്‍മ്മിക്കുന്നത്. ബല്ല വില്ലേജില്‍പ്പെട്ട 99/8, 101/2, 101/1 അ , 101/1 ആ,101/3 അ,101/3 ആ എന്നീ സര്‍വ്വേ നമ്പറുകളിലുള്ള മുക്കാല്‍ ഏക്കറോളം വയല്‍ മണ്ണിട്ടുനികത്തിയാണ് നിര്‍മ്മാണം നടത്തുന്നത്. ആവിക്കരയിലെ എം.ബി അബ്ദുള്ളാഹാജിയുടെ മകന് നിസാര്‍, ചിത്താരിയിലെ അബ്ദുള്‍ഖാദറിന്റെ മകള്‍ എം.സുഹ്റ, എം.മുഹമ്മദിന്റെ മകന് സി.എം.ജലീല്‍ എന്നിവരുടെ പേരിലാണ് സ്വകാര്യാശുപത്രി ലോബി കെട്ടിടനിര്‍മ്മാണത്തിന് പെര്‍മിറ്റെടുത്തത്. എം.പി ഹസീന നഗരസഭാ ചെയര്പേഴ്സണായിരിക്കുമ്പോഴാണ് നഗരസഭയില്‍ നിന്നും കെട്ടിടനിര്‍മ്മാണത്തിന് 'ഗണേശന് പെര്‍മിറ്റ്' സമ്പാദിച്ചത്.
0 Comments